ഡേവിഡ് ബെക്കാമിന്റെ മകൻ റോമിയോ ബെക്കാമും കളത്തിൽ, കൂടെ ഫിൽ നെവില്ലെയുടെ മകനും
text_fieldsമയാമി: യു.എസ് ഫുട്ബാൾ ക്ലബ് ഇൻറർ മയാമിയുടെ റിസർവ് ടീമിെൻറ കഴിഞ്ഞദിവസത്തെ മത്സരം കണ്ട പലരും അത്ഭുതപ്പെട്ടു. ടീമിെൻറ ഉടമയും വിഖ്യാത താരവുമായ ഡേവിഡ് ബെക്കാം വീണ്ടും കളത്തിലിറങ്ങി പന്തുതട്ടിത്തുടങ്ങിയോ? കൂടെ ഇൻറർ മയാമി സീനിയർ ടീമിെൻറ കോച്ചായ ഫിൽ നെവില്ലുമുണ്ടോ?
സംശയത്തിന് അടിസ്ഥാനമുണ്ട്. കളത്തിൽ 11ാം നമ്പർ ജഴ്സിയിൽ ബെക്കാമും ആറാം നമ്പറിൽ നെവില്ലുമുണ്ട്. എന്നാൽ, കൗമാരക്കാരായ ഇവർ ആരാണെന്നറിയാനുള്ള ആകാംഷ അവസാനിച്ചത് സാക്ഷാൽ ബെക്കാമിലും നെവില്ലിലും തന്നെ. ഡേവിഡ് ബെക്കാമിെൻറ മകൻ റോമിയോ ബെക്കാമായിരുന്നു 11ാം നമ്പറിൽ. ഫിൽ നെവില്ലിെൻറ മകൾ ഹാർവി നെവിൽ ആറാം നമ്പറിലും.
റോമിയോയുടെ പ്രഫഷനൽ അരങ്ങേറ്റമായിരുന്നു ഇത്. നേരത്തേ അരങ്ങേറിയ ഹാർവിയുടെ 16ാം മത്സരവും. ഇരുവരും മധ്യനിരയിലാണ് കളിച്ചത്. ഇൻറർ മയാമിയുടെ റിസർവ് ടീമായി മൂന്നാം ഡിവിഷനിൽ കളിക്കുന്ന ഫോർട്ട് ലൗഡർഡേലിനുവേണ്ടിയാണ് ഇരുവരും പന്തുതട്ടിയത്. ആദ്യ മത്സരത്തിനിറങ്ങിയ റോമിയോ 79ാം മിനിറ്റിൽ തിരിച്ചുകയറി. ഈ മാസമാണ് 19കാരനായ റോമിയോ ക്ലബുമായി കരാറിലൊപ്പുവെച്ചത്. നേരത്തേ മാഞ്ചസ്റ്റർ യുനൈറ്റഡ് അക്കാദമിയിലായിരുന്ന ഹാർവി പിതാവ് ഫിൽ നെവിൽ ഇൻറർ മയാമി കോച്ചായെത്തിയതോടെ ഒപ്പം പോരുകയായിരുന്നു.