ഡാർവിന് ചുവപ്പുകാർഡ്, ലിവർപൂളിനെ കുരുക്കി ക്രിസ്റ്റൽ പാലസ്
text_fieldsലണ്ടൻ: ഡാർവിൻ നൂനെസ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയ മത്സരത്തിൽ കരുത്തരായ ലിവർപൂളിന് നിരാശാജനകമായ സമനില. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസാണ് 1-1ന് ചെങ്കുപ്പായക്കാരെ കുരുക്കിയത്.
സ്വന്തം തട്ടകമായ ആൻഫീൽഡിൽ കാണികളെ ഞെട്ടിച്ച് ക്രിസ്റ്റൽ പാലസ് മുന്നിലെത്തി. എബെറെച്ചി ഈസെയുടെ പാസിൽനിന്ന് തകർപ്പൻ ഫിനിഷിങ്ങിലൂടെ വിൽഫ്രീഡ് സാഹയാണ് പാലസിനുവേണ്ടി വല കുലുക്കിയത്.
തിരിച്ചുവരവിന് ലിവർപൂൾ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് 57-ാം മിനിറ്റിൽ വൻ അബദ്ധം കാട്ടി ഡാർവിൻ നൂനെസ് പുറത്തായത്. പ്രകോപിപ്പിച്ച പാലസ് ഡിഫൻഡർ യൊവാക്വം ആൻഡേഴ്സണെ തലകൊണ്ടിടിച്ചതിന് നൂനെസ് ചുകപ്പുകാർഡ് ചോദിച്ചുവാങ്ങുകയായിരുന്നു.
ഇതിനുതൊട്ടുപിന്നാലെ സമനില ഗോളിലേക്ക് പന്തുപായിക്കാൻ കഴിഞ്ഞത് ലിവർപൂളിന് ആശ്വാസമായി. ഇടതുവിങ്ങിലൂടെ കുതിച്ചുകയറി ലൂയി ഡയസ് തൊടുത്ത ഉഗ്രൻ ഷോട്ടാണ് ലിവർപൂളിന് തുല്യത നൽകിയത്. 77-ാം മിനിറ്റിൽ സാഹയുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റിനെ പിടിച്ചുകുലുക്കി ഗതിമാറിയതും ലിവർപൂളിന് തുണയായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

