ലൈംഗിക പീഡനക്കേസിൽ കുരുക്ക് മുറുകി ബ്രസീൽ താരം ഡാനി ആൽവസ്; താരം സ്‍പെയിനിലെത്തിയത് പൊലീസ് നീക്കം മനസ്സിലാക്കാതെ
text_fieldsകഴിഞ്ഞ മാസം ബാഴ്സലോണയിലെ നൈറ്റ്ക്ലബിൽ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിൽ ബ്രസീൽ താരം ഡാനി ആൽവസ് ജയിലിലായത് സമർഥമായ പൊലീസ് നീക്കത്തിനൊടുവിൽ. മെക്സിക്കോ ക്ലബുമായി കരാറിലൊപ്പിട്ട താരം സ്‍പെയിനിൽനിന്ന് നേരത്തെ മടങ്ങിയിരുന്നു. ഇതോടെ കേസിൽ തുടർനടപടികൾ മുടങ്ങുമെന്ന ഘട്ടത്തിലാണ് ഡാനി ആൽവസിനെ എങ്ങനെയും സ്‍പെയിനിൽ തിരിച്ചെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങിയത്.
അഭിഭാഷകനുമായി ധാരണപ്രകാരമായിരുന്നു മെക്സിക്കോയിലായിരുന്ന താരം സ്‍പെയിനിലേക്ക് തിരിച്ചുപറന്നത്. എന്നാൽ, ചെറിയ കേസാണെന്നും വിഷയം ഗുരുതരമല്ലെന്നുമാണ് പൊലീസ് അറിയിച്ചിരുന്നത്. സ്‍പെയിനിൽ വിമാനമിറങ്ങിയതോടെ കേസിന്റെ വിശദാംശങ്ങളും ഗൗരവവും ബോധ്യപ്പെടുത്തി. അതോടെ, എളുപ്പം രക്ഷപ്പെടാനാകില്ലെന്നും വന്നു. കസ്റ്റഡിയിലെടുത്ത പൊലീസ് നേരെ ജയിലിലാക്കുകയായിരുന്നു. സുരക്ഷ മുൻനിർത്തി കഴിഞ്ഞ ദിവസം പുതിയ ജയിലിലേക്ക് മാറ്റിയിരുന്നു.
പരാതിക്കിടയായ ദിവസം ഇതേ നൈറ്റ്ക്ലബിൽ എത്തിയതായി ആൽവസ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ചെറിയ സമയത്തേക്ക് മാത്രമായിരുന്നുവെന്നും ഉടൻ മടങ്ങിയെന്നുമാണ് പൊലീസിനു നൽകിയ മൊഴി. പൊലീസ് ശേഖരിച്ച തെളിവുകളിൽ താരം ഏറെനേരം ഇവിടെ ചെലവഴിച്ചതിന് രേഖയുണ്ട്.
സ്‍പെയിനിൽ ഏറ്റവും പ്രശസ്തനായ അഭിഭാഷകൻ ക്രിസ്റ്റബെൽ മാർട്ടെല്ലിനെ കേസ് വാദിക്കാൻ ആൽവസ് നിയമിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായി ഫെറുസോള, ബാഴ്സലോണ ക്ലബ് തുടങ്ങിയവർക്ക് നിയമസേവനം നൽകുന്നയാളാണ് മാർട്ടെൽ.
കഴിഞ്ഞയാഴ്ചയാണ് ആൽവസ് അറസ്റ്റിലായത്. കേസിൽ കൂടുതൽ വെളിപ്പെടുത്തൽ വരുന്നതിനിടെ വേറെയും പരാതികൾ താരത്തിനെതിരെ ഉയർന്നത് കുരുക്ക് മുറുകാനിടയാക്കും. യുവതിക്കു നേരെ നടന്നതിനു സമാനമായ ലൈംഗിക ആക്രമണം തനിക്കെതിരെയും നടന്നതായാണ് പുതിയ പരാതി.
കേസുകളിൽ കുറ്റക്കാരനെന്നു കണ്ടാൽ നാലു വർഷം മുതൽ 12 വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കും. ബാഴ്സലോണയിൽ നീണ്ടകാലം പന്തുതട്ടിയ താരം അടുത്തിടെയാണ് മെക്സിക്കോയിലെ ക്ലബുമായി കരാറിലെത്തിയത്. കേസ് നടപടികൾ മുന്നോട്ടുപോകുന്നത് പരിഗണിച്ച് ക്ലബ് താരവുമായി കരാർ റദ്ദാക്കിയിരുന്നു. കരിയർ പൂർണമായി അവസാനിപ്പിക്കുന്നതാകുമോ പരാതിയെന്ന് കാത്തിരുന്നുകാണേണ്ടിവരും. നിലവിൽ ജാമ്യമില്ലാ വ്യവസ്ഥകൾ പ്രകാരമാണ് ജയിലിൽ കഴിയുന്നത്.