ഗോകുലം വനിത ടീമിനെ ഡാങ്മി ഗ്രേസ് നയിക്കും
text_fieldsഅഹ്മദാബാദ്: ഏപ്രിൽ 26 ന് അഹ്മദാബാദിൽ ആരംഭിക്കുന്ന ഇന്ത്യൻ വനിത ലീഗിൽ ഗോകുലം കേരള എഫ്.സിയെ ഇന്ത്യൻ അന്താരാഷ്ട്ര താരം ഡാങ്മി ഗ്രേസ് നയിക്കും. എട്ട് മലയാളികളും മൂന്ന് വിദേശികളും 12 ഇന്ത്യൻ ദേശീയ ടീം താരങ്ങളും അടങ്ങുന്ന 27 അംഗ ടീമിനെയാണ് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കളത്തിലിറക്കുന്നത്.
ദേശീയ താരങ്ങളായ ഡാങ്മെയി ഗ്രേസ്, ഇന്ദുമതി കതിരേശൻ, ഷിൽക്കി ദേവി, രഞ്ജന ചാനു, കൃതിന ദേവി എന്നിവർ ടീമിലുണ്ട്. 15 വയസ്സുകാരിയായ മലയാളി എ.പി. മിൻഹയാണ് ഗോൾ കീപ്പർ. ഗോകുലം അക്കാദമി താരങ്ങളായ ക്രിസ് മരിയ സാജു, പി.എം. ആരതി, ഷിൽജി ഷാജി, എം.പി. ഗ്രീഷ്മ എന്നിവരും ടീമിലുണ്ട്. ഏപ്രിൽ 26ന് ട്രാൻസ് സ്റ്റേഡിയയിൽ വൈകുന്നേരം 4.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ മലബാറിയൻസ് നേരിടും.

