കൊൽക്കത്തയിലെ മെസ്സി ഗോപുരം സുരക്ഷാഭീഷണിയിൽ; കാറ്റത്താടിയുലഞ്ഞ് ഭീമൻ പ്രതിമ, പൊളിച്ചുനീക്കിയേക്കും
text_fieldsകൊൽക്കത്ത : ലോകകിരീടം ചൂടിയ അർജന്റീന നായകൻ ലയണൽ മെസ്സിയോടുള്ള ആദരസൂചകമായി കഴിഞ്ഞ ഡിസംബറിൽ പശ്ചിമ ബംഗാളിൽ ഉയർന്ന കൂറ്റൻ പ്രതിമ അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്. കൊൽക്കത്തയിലെ തിരക്കേറിയ പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന 22 മീറ്റർ (ഏകദേശം 72 അടി) ഉയരമുള്ള ഈ ഭീമൻ പ്രതിമ ശക്തമായ കാറ്റിൽ ആടിയുലയുന്നതായാണ് കണ്ടെത്തൽ. സുരക്ഷാ ഭീഷണിയുയർത്തുന്ന പ്രതിമ വരുംദിവസങ്ങളിൽ പൊളിച്ചുനീക്കിയേക്കും.
മെസ്സിയുടെ ഫോട്ടോകളും വിഡിയോകളും വലിയ തോതിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായതിന് പിന്നാലെയാണ് ആശങ്കയേറുന്ന വാർത്ത പുറത്തുവരുന്നത്. ബാഴ്സലോണ മുൻ താരം കൂടിയായ മെസ്സിയുടെ ഈ കൂറ്റൻ പ്രതിമ കാണാൻ ദിവസേന ആയിരക്കണക്കിന് ആരാധകരാണ് കൊൽക്കത്തയിലെ തെരുവുകളിലേക്ക് ഒഴുകിയെത്തിയിരുന്നത്. എന്നാൽ, പ്രതിമയ്ക്ക് ആവശ്യമായ അടിയന്തര ഘടനാരേഖകളോ ബലമോ ഇല്ലെന്ന് എൻജിനീയർമാർ ചൂണ്ടിക്കാട്ടുന്നു.
തിരക്കേറിയ പ്രധാന റോഡിന് തൊട്ടടുത്താണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത് എന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ നിലവിൽ പ്രതിമ കയർ ഉപയോഗിച്ച് കെട്ടിബന്ധിച്ചിരിക്കുകയാണ്. "കൊൽക്കത്ത നഗരത്തിലെ ഈ മെസ്സി പ്രതിമ ഒട്ടും സുരക്ഷിതമല്ലെന്നാണ് പശ്ചിമ ബംഗാൾ സർക്കാരിന്റെ എൻജിനീയർമാർ സാക്ഷ്യപ്പെടുത്തുന്നത്. ഇത്രയും വലിയൊരു ഘടന അഴിച്ചുമാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, എങ്കിലും എത്രയും വേഗം അത് പൂർത്തിയാക്കാനാണ് ഞങ്ങളുടെ തീരുമാനം," ജനപ്രതിനിധിയായ ശരദ്വത് മുഖർജി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

