ക്യുറസാവോ ഒരു കുപ്പിപ്പാനീയമല്ല!
text_fieldsക്യുറസാവോ ഫുട്ബാൾ ടീം
വിശ്വ ഫുട്ബാൾമേളയുടെ ആരവങ്ങളിലേക്ക് കാലെടുത്തുവെക്കുകയാണ് ലോകം. പന്തുരുളാൻ ഒന്നര മാസം മാത്രം ബാക്കി. ലോകകപ്പ് വിശേഷങ്ങളുമായി സ്പോർട്സ് ജേണലിസ്റ്റും ഫുട്ബാൾ ഗവേഷകനുമായ മുഹമ്മദ് ദാവൂദ് എഴുതുന്ന പംക്തി
മഹാസമുദ്രത്തിലൂടെ ഒഴുകിനടക്കുന്ന ഒരു ചെറിയ കുപ്പി-ലോകഭൂപടത്തിൽ അത്രയേയുള്ളൂ ക്യുറസാവോ. കരീബിയൻ കടലിൽ വെനിസ്വേലക്കും കൊളംബിയക്കും പ്യൂർട്ടോറിക്കോക്കും ഇടയിൽ ഒരു മഷിത്തെറ്റു പോലെ കിടക്കുന്ന ക്യുറസാവോ ലോകമെങ്ങും അറിയപ്പെട്ടതും ഒരു കുപ്പിപ്പാനീയത്തിന്റെ പേരിലാണ്- തിളങ്ങുന്ന നീലനിറത്തിൽ ലഹരിയായും അല്ലാതെയും ബാറുകളിലും കൂൾബാറുകളിലും നിരന്നുനിൽക്കുന്ന ബ്ലൂ ക്യുറസാവോയുടെ ജന്മദേശം എന്ന പേരിൽ.
ലരാഹ എന്ന പ്രത്യേക തരം ഓറഞ്ചിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഈ പാനീയമായിരുന്നു ലോകമെങ്ങും ക്യുറസാവോയുടെ കീർത്തി. 2025 നവംബർ 18ന് ക്യുറസാവോ ആ കുപ്പായം മാറ്റി. ജമൈക്കയെ മറികടന്ന് കോൺകകാഫ് യോഗ്യതാ ഗ്രൂപ്പിൽ ഒന്നാമതെത്തിയതോടെ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യം എന്നതായി അവരുടെ പുതിയ മേൽവിലാസം. രണ്ടു ഫുട്ബാൾ സ്റ്റേഡിയങ്ങളിൽ ഒരുമിച്ചുകൂട്ടാവുന്നത്ര ആളുകളേയുള്ളൂ ഈ കരീബിയൻ ദ്വീപിലാകെ- വെറും ഒന്നര ലക്ഷം! ക്യുറസാവോയുടെ കളിക്കാർ ജഴ്സിയണിഞ്ഞ് അമേരിക്കൻ മണ്ണിലെ ലോകകപ്പ് വേദികളിൽ നിരന്നുനിൽക്കുമ്പോൾ ലോകം അവർക്ക് കൈയടിക്കാതിരിക്കുന്നതെങ്ങനെ!
സാമ്രാജ്യത്വ അതിമോഹങ്ങളുടെ കാലത്ത് കരീബിയൻ കടലിൽ യൂറോപ്യൻ രാജ്യങ്ങൾ പെറുക്കിക്കൂട്ടിയ ദ്വീപുകളിലൊന്നാണ് ക്യുറസാവോ. ആദ്യം സ്പെയിൻകാരും പിന്നീട് ഡച്ചുകാരുമായിരുന്നു അധിനിവേശക്കാർ. 17ാം നൂറ്റാണ്ടിൽ കരീബിയൻ കടലിലെ ഏറ്റവും സജീവമായ അടിമവ്യാപാര കേന്ദ്രമായിരുന്നു ക്യുറസാവോ. പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്നു കൊണ്ടുവന്ന കറുത്ത വർഗക്കാരെ ഡച്ച് വെസ്റ്റ് ഇന്ത്യ കമ്പനി വിൽപനക്കായി പ്രദർശിപ്പിച്ചിരുന്നത് ഇവിടെയാണ്. റോമിന് സ്പാർട്ടക്കസ് എന്ന പോലെ ക്യുറസാവോക്കുമുണ്ടായി അടിമവർഗത്തിൽനിന്നൊരു വീരനായകൻ- തുല. 1795ൽ തുലയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവത്തിൽ ഡച്ച് സാമ്രാജ്യം ഞെട്ടി. സ്പാർട്ടക്കസിനെപ്പോലെ വീണുപോയെങ്കിലും തുല ഇന്ന് ക്യുറസാവോയുടെ വീരനായകനാണ്. മണ്ണിലും മനസ്സിലും മ്യൂസിയത്തിലും ജീവിക്കുന്ന നായകൻ.
നൂറ്റാണ്ടു നീണ്ട അടിമച്ചങ്ങല 1863ൽ പൊട്ടിച്ചെങ്കിലും അയ്യായിരത്തോളം മൈൽ അപ്പുറമുള്ള നെതർലൻഡ്സുമായുള്ള ചരടുബന്ധം ക്യുറസാവോ ഇപ്പോഴും തുടരുന്നുണ്ട്. സ്വന്തമായി പാർലമെന്റും പ്രധാനമന്ത്രിയുമുണ്ടെങ്കിലും ഡച്ച് കിങ്ഡത്തിനു കീഴിലുള്ള ഒരു ദ്വീപ് രാഷ്ട്രമാണവർ. പ്രതിരോധം ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കിനടത്തുന്നത് യൂറോപ്യൻസ് തന്നെ. ഈ ഡച്ച് കണക്ഷൻതന്നെയാണ് ക്യുറസാവോയുടെ ഫുട്ബാൾ കുതിപ്പിനും കാറ്റു പകർന്നത്. നെതർലൻഡ്സിൽ ജനിച്ച്, ഡച്ച് ലീഗിൽ പയറ്റിത്തെളിഞ്ഞവരാണ് അവരുടെ കളിക്കാരും പരിശീലകരുമെല്ലാം. 2015ൽ പരിശീലകനായെത്തിയ ഒരു ചുരുളൻ മുടിക്കാരനാണ് ഇപ്പോൾ ലോകകപ്പ് യോഗ്യത വരെ എത്തിനിൽക്കുന്ന ഫുട്ബാൾ വിപ്ലവത്തിനു തുടക്കമിട്ടത്. 1990കളിൽ നെതർലൻഡ്സിന്റെ ഓറഞ്ച് ജഴ്സിയിൽ ഗോളുകളടിച്ചുകൂട്ടിയിരുന്ന അയാളെ നമ്മളെല്ലാം അറിയും- പാട്രിക് ക്ലൈവർട്ട്.
അമ്മയുടെ നാടെന്ന നിലയിൽ പൊക്കിൾക്കൊടി ബന്ധമുള്ള ക്ലൈവർട്ടാണ് ക്യുറസാവോയെ തോൽക്കുന്ന മത്സരങ്ങളെക്കാൾ കൂടുതൽ ജയിക്കാൻ പഠിപ്പിച്ചത്. ആ ഊർജത്തിൽ അവർ 2017ൽ കരിബീയൻ കപ്പ് ചാമ്പ്യൻമാരായി. ക്ലൈവർട്ടിനു പിന്നാലെ ഗസ് ഹിഡിങ്കും ഡിക്ക് അഡ്വകേറ്റുമെല്ലാം ക്യുറസാവോയെ പരിശീലിപ്പിച്ചു. 78കാരനായ അഡ്വക്കറ്റാണ് അവർക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത്. എന്നാൽ, അമേരിക്കയിൽ ലോക ഫുട്ബാളിലെ ഈ ജ്ഞാനവൃദ്ധൻ അവരുടെ കൂടെയുണ്ടാവില്ല. മകളുടെ അസുഖം കാരണം പരിശീലകപ്പദവി വിട്ടൊഴിഞ്ഞ അദ്ദേഹത്തിനു പകരം ഫ്രെഡ് റുട്ടനാണ് ലോകകപ്പിൽ ടീമിനെ പരിശീലിപ്പിക്കുക. പലനിറത്തിലുള്ള പാളികൾ തുന്നിച്ചേർത്ത ഒരു പന്തുപോലെയാണ് ക്യുറസാവോ. ആഫ്രിക്കയുമായി ആജന്മബന്ധം അവർക്കുണ്ട്.
യൂറോപ്യൻ കൊളോണിയലിസത്തിന്റെ ശേഷിപ്പുകൾ തലസ്ഥാനമായ വില്ലെംസ്റ്റാഡിലെ കെട്ടിടങ്ങളിലും തെരുവുകളിലും വ്യാപകമായി കാണാം. ലാറ്റിനമേരിക്കയുമായുള്ള അയൽബന്ധമാകട്ടെ ക്യുറസാവോയുടെ ആഘോഷങ്ങളിലും ജീവിതരീതികളിലും പ്രകടമാണ്. അമേരിക്കൻ മേജർ ലീഗ് ബേസ്ബാളിൽ കാലങ്ങളായി അവർക്കു താരസാന്നിധ്യമുണ്ട്. അക്കൂട്ടത്തിലേക്കാണ് ലോകകപ്പ് യോഗ്യതാ നേട്ടത്തിലൂടെ ദേശീയ ഫുട്ബാൾ ടീം താരങ്ങളായ താഹിത് ചോങ്ങും ജുനീഞ്ഞോ ബകൂനയും ലിയാൻഡ്രോ ബകൂനയുമെല്ലാം ഇടംപിടിച്ചിരിക്കുന്നത്. ഡച്ച് ലീഗിനു പുറമേ യു.എസ്, തുർക്കി, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, സൗദി അറേബ്യ, ബെൽജിയം, ഇസ്രായേൽ, ഗ്രീസ്, മലേഷ്യ, ജർമനി, പോർചുഗൽ, സ്കോട്ട്‌ലൻഡ്, ബോസ്നിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ക്യുറസോവൻ താരങ്ങൾ കളിക്കുന്നുണ്ട്. നാട്ടിൽ കളിക്കുന്നത് ഒരാൾമാത്രം- തലസ്ഥാനമായ വില്ലെംസ്റ്റാഡിലെ വിക്ടറി ബോയ്സ് ക്ലബിന്റെ ഡിഫൻഡർ കുക്കോ മാർട്ടിന.
നെതർലൻഡ്സുമായി ഭരണബന്ധമുണ്ടെങ്കിലും അവരുടെ പരമാധികാരത്തെ പൂർണമനസ്സോടെ അംഗീകരിക്കുന്നവരല്ല ക്യുറസാവോക്കാർ. ഡച്ച് പാസ്പോർട്ട് വഴി യൂറോപ്പിലേക്കുള്ള യാത്രാ, ജോലി സാധ്യതകൾ അവർ വിലമതിക്കുന്നുണ്ട്. എന്നാൽ, കൊളോണിയൽ കാലത്തെ ഓർമകൾ ആത്മാഭിമാനത്തെ കുത്തിനോവിക്കാറുമുണ്ട്. നെതർലൻഡ്സിന്റെ സാമന്തക്കാരല്ലാതെ മറ്റൊരു ലോകവേദിയിലും നിലനിൽപില്ലാത്ത ക്യുറസാവോക്ക് ഒറ്റക്ക് തലയുയർത്തിനിൽക്കാനുള്ള അവസരമാണ് ഈ ലോകകപ്പ്. കരുത്തരായ ജർമനി, എക്വഡോർ, ഐവറി കോസ്റ്റ് എന്നിവരുൾപ്പെടുന്ന ‘ഇ’ ഗ്രൂപ്പിലാണ് ക്യുറസാവോ. ജൂൺ 14ന് ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡിയത്തിൽ ജർമനിയെ നേരിടുമ്പോൾ സ്വന്തം നാട്ടുകാർ മാത്രമല്ല ക്യുറസാവോക്കായി ആവേശത്തിന്റെ നീലത്തിരമാല തീർക്കുക. ഫുട്ബാളിലെ അത്ഭുത കഥകൾക്കായി കാത്തിരിക്കുന്ന ലോകമെങ്ങുമുള്ള ആരാധകർകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

