വിജയ ഗോളടിച്ച് ക്രിസ്റ്റ്യാനോ; പ്രതീക്ഷ വിടാതെ അൽ നസ്ർ
text_fieldsറിയാദ്: സൗദി പ്രോ ലീഗിൽ ജയവുമായി കിരീടപ്രതീക്ഷ വിടാതെ അൽ നസ്ർ. കഴിഞ്ഞ രാത്രി നടന്ന ഹോം മാച്ചിൽ രണ്ടിനെതിരെ മൂന്നു ഗോളിന് അൽ ശബാബിനെയാണ് തോൽപിച്ചത്. മത്സരം 2-2 സമനിലയിൽ നിൽക്കെ സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വകയായിരുന്നു വിജയ ഗോൾ. രണ്ടു മത്സരങ്ങൾ ശേഷിക്കെ 63 പോയന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് അൽ നസ്ർ. 28 കളികൾ പൂർത്തിയാക്കിയ അൽ ഇത്തിഹാദ് 66 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. കിരീടം നേടാൻ അൽ നസ്റിന് അടുത്ത മത്സരങ്ങൾ ജയിച്ചാൽ പോരാ ഇത്തിഹാദ് തോൽക്കുകയും വേണം. ശബാബിനെതിരെ 0-2ന് പിന്നിൽ നിന്ന ശേഷമായിരുന്നു അൽ നസ്റിന്റെ തിരിച്ചുവരവ്. 24ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ക്രിസ്റ്റ്യൻ ഗുവാൻസ 40ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കി. 44ാം മിനിറ്റിൽ തലിസ്കയിലൂടെ അൽ നസ്റിന്റെ തിരിച്ചുവരവ്. രണ്ടാം പകുതിയിൽ അബ്ദുറഹിമാൻ ഗരീബും (51) ഗോൾ നേടിയതോടെ സ്കോർ തുല്യനിലയിൽ. എട്ടു മിനിറ്റിനു ശേഷമായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. റൊമാരിഞ്ഞോയുടെ ഗോളിൽ അൽ ബതീനെ തോൽപിച്ചാണ് കിരീട ഫേവറിറ്റുകളായി ഇത്തിഹാദ് തുടർന്നത്.