40ാം ജന്മദിനത്തിൽ റൊണാൾഡോയുടെ കൂറ്റൻ പ്രതിമ ടൈംസ് സ്ക്വയറിൽ
text_fieldsന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാൽപതാം ജന്മദിനത്തിൽ 12 അടി /3.6 മീറ്റർ ഉയരമുള്ള വെങ്കല പ്രതിമ ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ നിരവധി ആരാധകർ ഒത്തുകൂടി.
റൊണാൾഡോയുള്ള ആദരസൂചകമായി ‘സിയു!’ പറയുകയും ചെയ്തു. ടെറാക്കോട്ട-ഉരുക്ക് ശിൽപങ്ങളിൽ പേരുകേട്ട ഇറ്റാലിയൻ കലാകാരനായ സെർജിയോ ഫർനാരിയാണ് 12 അടി ഉയരമുള്ള വെങ്കല ശിൽപം തീർത്തത്.
അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ ലോകമെമ്പാടുമുള്ള ആരാധകർ ആശംസകളും ആദരങ്ങളും അർപ്പിച്ചു. അവിശ്വസനീയമായ ഗോൾ സ്‌കോറിംങ്ങിനു പേരുകേട്ട റൊണാൾഡോ നിലവിൽ അൽ നസറിനായി സൗദി പ്രോ ലീഗിൽ കളിക്കുന്നു. അടുത്തിടെ അൽ വാസലിനെതിരെ നേടിയ ഇരട്ടഗോൾ അദ്ദേഹത്തിന്‍റെ കരിയറിലെ ഗോൾ നേട്ടം 923 ആയി ഉയർത്തി. അൽ നസറിനൊപ്പം ടീമിൽ തുടരുമ്പോഴും 1,000 കരിയർ ഗോളുകളിൽ എത്തുകയെന്നതാണ് പോർച്ചുഗീസ് സൂപ്പർസ്റ്റാറിന്‍റെ ലക്ഷ്യം.
മാഞ്ചസ്റ്റർ യുനൈറ്റഡിനും റയൽ മാഡ്രിഡിനുമൊപ്പം യൂറോപ്പിലെ എല്ലാ പ്രധാന ട്രോഫികളും നേടിയ റൊണാൾഡോ ഫുട്ബോളിലെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോൾ സ്‌കോററാണ്. 2009 നും 2018 നും ഇടയിൽ റയൽ മാഡ്രിഡിനായി 450 ഗോളുകൾ നേടിയത് ഉൾപ്പെടെയുള്ള റെക്കോർഡ് നേട്ടങ്ങൾ നിറഞ്ഞതാണ് അദ്ദേഹത്തിന്‍റെ കരിയർ.
മാഡ്രിഡിലെ തന്റെ ഒമ്പത് സീസണുകളിൽ, അഞ്ച് ബാലൺ ഡി ഓർ അവാർഡുകളിൽ നാലെണ്ണം നേടി. ഫുട്ബാൾ ആധിപത്യത്തിനായി ലയണൽ മെസ്സിയോട് നിരന്തരം പോരാടി. പോർച്ചുഗലിനെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും നാഷൻസ് ലീഗ് മത്സരങ്ങളിലും റൊണാൾഡോ നയിച്ചിട്ടുണ്ട്. കളിക്കളത്തിനു പുറമെ സമൂഹ മാധ്യമങ്ങളിലും റൊണാൾഡോ തരംഗം തന്നെയാണ്.
648 ദശലക്ഷം ജനങ്ങളാണ് ഇൻസ്റ്റഗ്രാമിൽ റൊണാൾഡോയെ പിൻതുടരുന്നത്. സെപ്റ്റംബറിലെ അദ്ദേഹത്തിന്‍റെ യു ട്യൂബ് അരങ്ങേറ്റം, ഒരു ബില്യൺ വരിക്കാരെ മറികടക്കുന്ന ആദ്യത്തെ വ്യക്തിയാക്കി റൊണാൾഡോയെ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.