
അന്താരാഷ്ട്ര ഫുട്ബാളിൽ നൂറുഗോൾ കുറിച്ച് ക്രിസ്റ്റ്യാനോ, മുമ്പിലുള്ളത് ഒരാൾ മാത്രം
text_fieldsലിസ്ബൺ: പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിൽ സ്വീഡനെതിരെ 45ാം മിനിട്ടിൽ നേടിയ ഗോളോടെ അന്താരാഷ്ട്ര ഫുട്ബാളിൽ 100 ഗോളെന്ന അനുപമമായ നേട്ടം ക്രിസ്റ്റ്യാനേ റൊണാൾഡോ പിന്നിട്ടു.
മത്സരത്തിൽ 72ാം മിനുട്ടിൽ ഒരു ഗോൾ കൂടി ക്രിസ്റ്റ്യാനോ നേടിയിരുന്നു. 165 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്. 109 ഗോളുകൾ നേടിയ ഇറാെൻറ അലിദേയി മാത്രമാണ് ഇക്കാര്യത്തിൽ റൊണാൾഡോക്ക് മുന്നിലുള്ളത്.
പോർച്ചുഗലിനായി 2003ലാണ് റൊണാൾഡോ അരങ്ങേറ്റം കുറിച്ചത്. അർജൻറീനിയൻ സൂപ്പർതാരം ലയണൽ മെസ്സിയുടെ പേരിൽ 70 ഗോളുകളാണുള്ളത്. 72 ഗോളുകളുള്ള ഇന്ത്യൻ നായകൻ സുനിൽ ഛേത്രി സജീവമായ താരങ്ങളിൽ ക്രിസ്റ്റ്യാനോക്ക് പിന്നിൽ രണ്ടാമനാണ്.
ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളുകളുടെ കരുത്തിൽ സ്വീഡനെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് പോർച്ചുഗൽ തകർത്തിരുന്നു. നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ തേനീച്ചയുടെ കുത്തേറ്റുള്ള അണുബാധ കാരണം ക്രിസ്റ്റ്യനോക്ക് കളത്തിലിറങ്ങാനായിരുന്നില്ല.
