ഗോവയുടെ അപേക്ഷ തള്ളി; ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ല
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോ
ഗോവ: പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളി ഇന്ത്യൻ മണ്ണിൽ കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യൻ സൂപ്പർലീഗ് ക്ലബ് എഫ്.സി ഗോവയെ നേരിടാനായി സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്ർ എത്തുന്നത് സൂപ്പർതാരമില്ലാതെ.
ഇതിഹാസ താരത്തെയും ഇന്ത്യയിലേക്കുള്ള സംഘത്തിൽ ഉൾപ്പെടുത്തണമെന്ന എഫ്.സി ഗോവയുടെ അപേക്ഷകളും തള്ളിയാണ് തിങ്കളാഴ്ച അൽ നസ്ർ ഗോവയിലെത്തുന്നതെന്ന് സൗദി സ്പോർട് മാധ്യമമായ അൽ റിയാദിയ റിപ്പോർട്ട് ചെയ്തു. ക്രിസ്റ്റ്യാനോ വരും എന്ന വാർത്തകൾക്കിടെ മാച്ച് ടിക്കറ്റുകൾ ചൂടപ്പംപോലെയാണ് ഇതിനകം വിറ്റഴിഞ്ഞത്.
എന്നാൽ, സൗദി പ്രോ ലീഗിലെ മത്സരങ്ങളിൽ ക്ലബിനായി കളത്തിലിറങ്ങുന്ന താരം വിദേശ രാജ്യങ്ങളിലെ മത്സരങ്ങളിൽ സാധാരണയായി ടീമിനൊപ്പമെത്താറില്ല. വിദേശ ടൂറുകളിൽ താരത്തിന് തീരുമാനം എടുക്കാമെന്നാണ് അൽ നസ്റുമായുള്ള കരാറിലെ ധാരണ. ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ പോർചുഗൽ ടീമിൽ സജീവമാണെന്നതിനാൽ മത്സര തിരക്ക് കുറക്കാൻ വിദേശ ക്ലബ് ഡ്യൂട്ടിൽ താരം ഒഴിവാക്കുകയാണ് പതിവ്.
എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ സീസണിൽ അൽ നസ്റിന്റെ മൂന്നാം മത്സരമാണ് ഗോവയിലേത്.
ഗ്രൂപ്പ് ‘ഡി’യിൽ രണ്ട് കളിയിയും ജയിച്ച ടീം ഒന്നാം സ്ഥാനത്താണിപ്പോൾ. എന്നാൽ രണ്ടിലും തോറ്റ ഗോവക്ക് നോക്കൗട്ട് ഉറപ്പിക്കാൻ ശേഷിച്ച മത്സരങ്ങൾ നിർണായകമാണ്. ക്രിസ്റ്റ്യാനോക്ക് പുറമെ, ക്രൊയേഷ്യൻ മധ്യനിര താരം മാഴ്സലോ ബ്രൊസോവിച് ഉൾപ്പെടെ വിവിധ വിദേശ താരങ്ങളില്ലാതെയാണ് അൽ നസ്ർ ഇന്ത്യയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

