ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ; മെസ്സിക്കും തൊടാനാവാത്ത റെക്കോഡിനൊപ്പം
text_fieldsക്രിസ്റ്റ്യാനോ റെണാൾഡോ
ലണ്ടൻ: കഴിഞ്ഞ ലോകകപ്പിലെ ഫോമില്ലായ്മയുടെയും ഗോൾ വരൾച്ചയുടെയും കടങ്ങളെല്ലാം വീട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ അമേരിക്കയിലേക്കുള്ള കുതിപ്പിന് ആക്സിലേറ്റർ ആഞ്ഞു ചവിട്ടി. 40ാം വയസ്സിലും പ്രായം വെറുമൊരു നമ്പർ എന്ന് ബോധ്യപ്പെടുത്തി ഗോളടിച്ചുകൂട്ടിയുള്ള യാത്ര ലോകറെക്കോഡിന്റെ നെറുകയിലേക്കാണ്.
ലോകകപ്പ് യോഗ്യതയുടെ യൂറോപ്യൻ അങ്കത്തട്ടിൽ പോർചുഗൽ രണ്ടാം ജയവുമായി കുതിക്കുമ്പോൾ അവസാന മത്സരത്തിലും ക്രിസ്റ്റ്യാനോ ഗോളടിച്ച് ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ഹംഗറിയെ എവേ മാച്ചിൽ പോർചുഗൽ 3-2ന് തോൽപിച്ചപ്പോൾ 58ാം മിനിറ്റിലെ പെനാൽറ്റി ഗോളുമായി ക്രിസ്റ്റ്യാനോയും തിളങ്ങി. ഒപ്പം, നടന്നുകയറിയത് മറ്റൊരു റെക്കോഡ് പുസ്തകത്തിലേക്ക്.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡിൽ ഗ്വാട്ടെമാലയുടെ മുൻ താരം കാർലോസ് റൂയിസിനൊപ്പമെത്തി. 1998 മുതൽ 2016 വരെ കളിച്ച കാർലോസ് റൂയിസ് 47 മത്സരങ്ങളിൽ 39 ഗോളുകൾ നേടിയാണ് യോഗ്യതാ റൗണ്ടിലെ ടോപ് സ്കോറർ പദവി അലങ്കരിച്ചത്. ഒരു പതിറ്റാണ്ടോളമായി റൂയിസ് കൈവശം വെച്ച റെക്കോഡിലേക്കാണ് 49 മത്സരങ്ങളിൽ 39 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തിയത്.
72 മത്സരങ്ങളിൽ 36 ഗോളുമായി ലയണൽ മെസ്സി മൂന്നും, 51 മത്സരങ്ങളിൽ 35 ഗോളുമായി അലി ദാഇ നാലും, 41 കളിയിൽ 32 ഗോളുമായി റോബർട് ലെവൻഡോസ്കി അഞ്ചും സ്ഥാനത്താണ്.
ലയണൽ മെസ്സിയേക്കാൾ മൂന്ന് ഗോളിന്റെ ലീഡുള്ള ക്രിസ്റ്റ്യാനോ ഈ സീസണിൽ തന്നെ കാർലോസ് റൂയിസിനെയും മറികടന്ന് മുന്നേറും. അതേസമയം, ലയണൽ മെസ്സിയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഇതിനകം പൂർത്തിയായതിനാൽ, അർജന്റീന ഇതിഹാസത്തിനും തൊടാനാവാത്ത റെക്കോഡിലേക്ക് ക്രിസ്റ്റ്യാനോയുടെ കുതിപ്പ്.
ഹംഗറിക്കെതിരായ മത്സരത്തിൽ ബെർണാഡോ സിൽവ (36ാം മിനിറ്റ്), ജോ കാൻസെലോ (86) എന്നിവരും ഗോൾ നേടി. ആദ്യ മത്സരത്തിൽ പോർചുഗൽ 5-0ത്തിന് അർമീനിയയെ തോൽപിച്ചിരുന്നു.
ഇംഗ്ലണ്ടിനും ഫ്രാൻസിനും ജയം
യുവേഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മിന്നും ജയവുമായി ഇംഗ്ലണ്ടും, ഫ്രാൻസും. ഗ്രൂപ്പ് ‘കെ’യിൽ തങ്ങളുടെ അഞ്ചാം മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് സെർബിയയെ അഞ്ച് ഗോളിന് തരിപ്പണമാക്കി ജൈത്രയാത്ര തുടർന്നു. ഹാരി കെയ്ൻ (33ാം മിനിറ്റ്), നോനി മഡുക് (35), എസ്റി കോൻസ (52), മാർക് ഗ്യൂഹി (75), മാർകസ് റാഷ്ഫോഡ് (90) എന്നിവരാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. 72ാം മിനിറ്റിൽ നായകനും പ്രതിരോധ താരവുമായ നികോള മിലൻകോവിച് ചുവപ്പുകാർഡുമായി പുറത്തായതോടെ പത്തുപേരുമായാണ് സെർബിയ കളി പൂർത്തിയാക്കിയത്.
സ്വന്തം ഗ്രൗണ്ടിൽ നടന്ന ‘ഗ്രൂപ്പ് ഡി’യിലെ മത്സരത്തിൽ ഐസ്‍ലൻഡിനെതിരെ 2-1നായിരുന്നു ഫ്രാൻസിന്റെ ജയം. 21ാം മിനിറ്റിൽ ആൻഡ്രി ഗ്യൂൻസണിന്റെ ഗോളിൽ ഐസ്‍ലൻഡ് ആദ്യം ലീഡുറപ്പിച്ചപ്പോൾ, ആദ്യ പകുതിയിൽ തന്നെ ഫ്രാൻസിന് തിരികെയെത്താനായി. 45ാം മിനിറ്റിൽ കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ സമനില നേടി. 62ാം മിനിറ്റിൽ ബ്രാഡ്‍ലി ബർകോളയുടെ വകയായിരുന്നു വിജയ ഗോൾ. ‘ഡി’യിൽ രണ്ടാം ജയവുമായി ഫ്രാൻസ് ഒന്നാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

