ക്രിസ്റ്റ്യാനോ വന്നു, ഗോളടിച്ചു; ബൈസിക്കിൾ കിക്ക് ഗോളുമായി ഇബ്ര
text_fieldsമിലാൻ: കോവിഡ് ഭേദമായ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസിനായി കളത്തിലിറങ്ങി മൂന്നു മിനിറ്റിനുള്ളിൽ ഗോളടിച്ചു.സീരി 'എ'യിൽ സ്പെസിയയെ 4-1ന് തോൽപിച്ച മത്സരത്തിലായിരുന്നു ക്രിസ്റ്റ്യാനോ തിരിച്ചുവരവ് ആഘോഷിച്ചത്.
56ാം മിനിറ്റിൽ ഡിബാലക്കു പകരമാണ് സൂപ്പർ താരം കളത്തിലെത്തിയത്. ഒക്ടോബർ രണ്ടാം വാരം കോവിഡ് പോസിറ്റീവായി 19 ദിവസത്തിനു ശേഷമാണ് കളിക്കാനിറങ്ങിയത്. ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ മൂന്ന് കളി മുടങ്ങിയതിെൻറ നിരാശയെല്ലാം തിരിച്ചുവരവിൽ തീർത്തു. പകരക്കാരനായി വന്ന് മൂന്ന് മിനിറ്റിനകം ഗോൾ നേടിയതിനു പിന്നാലെ, 76ാം മിനിറ്റിൽ പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് ഡബ്ൾ തികച്ചു.
മൊറാറ്റയും റാബിയറ്റുമാണ് മറ്റ് ഒാരോ ഗോളടിച്ചത്. മറ്റൊരു മത്സരത്തിൽ ഉദ്നിസക്കെതിരെ എ.സി മിലാൻ 2-1ന് ജയിച്ചപ്പോൾ 83ാം മിനിറ്റിൽ ഉജ്ജ്വലമായ ബൈസിക്കിൾ കിക്കിലൂടെ എതിർവല കുലുക്കി വെറ്ററൻ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് വിസ്മയിപ്പിച്ചു.