ഗോൾ വേട്ട തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ; 62ാം ഹാട്രിക്; സൗദി ലീഗിൽ റെക്കോഡ്
text_fieldsസൗദി പ്രോ ലീഗിലും ഗോൾ വേട്ട തുടർന്ന് പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലീഗിൽ താരം രണ്ടാം ഹാട്രിക്കും സ്വന്തമാക്കി.
പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ മിന്നുംപ്രകടനത്തിൽ ദമാക് എഫ്.സിയെ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് അൽ നസ്ർ പരാജയപ്പെടുത്തിയത്.
കരിയറിലെ 62ാം ഹാട്രിക്കാണ് ക്രിസ്റ്റ്യാനോ മത്സരത്തിൽ കുറിച്ചത്. സൗദി ലീഗിൽ മൂന്നു മത്സരത്തിനിടെ രണ്ടാമത്തെ ഹാട്രിക്കും.
മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഒരു താരം ഹാട്രിക് നേടുന്നതും സൗദി ലീഗിന്‍റെ ചരിത്രത്തിലാദ്യം. 18ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് സൂപ്പർതാരം ഗോൾവേട്ടക്ക് തുടക്കമിട്ടത്. മത്സരത്തിന്‍റെ 23, 44 മിനിറ്റുകളിലും താരം വലകുലുക്കി. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഹാട്രിക്കും ക്രിസ്റ്റ്യാനോയുടെ പേരിലാണ്.
ജനുവരിയിൽ ലീഗിൽ അൽ വെഹ്ദക്കെതിരെ നടന്ന മത്സരത്തിലും താരം ഹാട്രിക് നേടിയിരുന്നു. മത്സരത്തിൽ അൽ നസ്ർ നേടിയ നാലു ഗോളുകളും താരത്തിന്‍റെ വകയായിരുന്നു. അർജന്‍റീനൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരിൽ 56 ഹാട്രിക്കാണുള്ളത്. 141 ഹാട്രിക്കുമായി ജർമനിയുടെ എർവിൻ ഹെൽചെനാണ് പട്ടികയിൽ ഒന്നാമത്. 1921-1924 കാലയളവിലായിരുന്നു താരം കളിച്ചിരുന്നത്.
ക്രിസ്റ്റ്യാനോ 30 വയസ്സിന് മുമ്പ് 30 ഹാട്രിക്കും അതിന് ശേഷം 32 ഹാട്രിക്കും നേടി. സൗദി ലീഗിൽ അൽ നസ്റാണ് ഒന്നാമത്. 18 മത്സരങ്ങളിൽനിന്ന് 13 ജയവും ഒരു തോൽവിയും നാലു സമനിലയുമായി 43 പോയന്‍റാണ് അൽ നസ്റിനുള്ളത്. രണ്ടാമതുള്ള അൽ ഇത്തിഹാദിന് ഇത്രയും മത്സരങ്ങളിൽനിന്ന് 41 പോയന്‍റാണുള്ളത്.