റോം: ആദ്യപകുതിയിൽ രണ്ടു വട്ടം ഗോളിലേക്ക് തലവെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷകനായ മത്സരത്തിൽ ദുർബലരായ ക്രോട്ടോണിനെ ഏകപക്ഷീയമായ മൂന്നു േഗാളുകൾക്ക് വീഴ്ത്തി യുവൻറസ്. ഇതോടെ, ഒരു മത്സരം കുറച്ചുകളിച്ച ടീം ഒന്നാമതുള്ള ഇൻറർമിലാനുമായി പോയിൻറ് അകലം എട്ടാക്കി ചുരുക്കി.
രണ്ടര വർഷത്തിനിടെ സീരി എയിൽ ക്രിസ്റ്റ്യാനോ 70 ഗോളെന്ന അപൂർവ നേട്ടം തൊട്ട മത്സരത്തിൽ ആദ്യാവസാനം യുവൻറസാണ് ആധിപത്യം നിലനിർത്തിയത്. വെസ്റ്റണ മക്കെന്നി മൂന്നാം ഗോൾ കണ്ടെത്തി.
ഇന്നലെ ഇരട്ട ഗോൾ നേട്ടത്തോടെ സീരി എ സീസണിൽ റൊണാൾഡോയുടെ ഗോൾ സമ്പാദ്യം 18 ആയി. ഇതുവരെയും മുന്നിലുണ്ടായിരുന്ന റൊമേലു ലുക്കാക്കുവിനെയാണ് കടന്നത്. 22 കളികളിൽ യുവൻറസിന് 45 പോയിൻറാണ് സമ്പാദ്യം. ഒന്നാമതുള്ള ഇൻറർ 53ഉം എ.സി മിലാൻ 52ഉം പോയിൻറുമായി ബഹുദൂരം മുന്നിലും.