Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ ഏഴാം നമ്പറിന് ഇനി അവകാശിയുണ്ടാകാം; പക്ഷേ, മറ്റൊരു ക്രിസ്റ്റ്യാനോയില്ല!

text_fields
bookmark_border
ആ ഏഴാം നമ്പറിന് ഇനി അവകാശിയുണ്ടാകാം; പക്ഷേ, മറ്റൊരു ക്രിസ്റ്റ്യാനോയില്ല!
cancel

ലിസ്ബൺ: ഫുട്ബാൾ ലോകത്തെ ഒരു യുഗത്തിന് തിരശ്ശീല വീഴുന്നു. പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 23 വർഷം നീണ്ട ദേശീയ ടീം കരിയറിനാണ് 41കാരൻ വിരാമമിടുന്നത്. വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിലൂടെയാണ് പോർച്ചുഗലിന്റെ വിഖ്യാതമായ ഏഴാം നമ്പർ ജഴ്സി അഴിച്ചുവെക്കുമെന്ന് താരം അറിയിച്ചത്.

പോർച്ചുഗൽ ജനതയെ അഭിസംബോധന ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വികാരനിർഭരമായ വിഡിയോയിലൂടെയായിരുന്നു പ്രഖ്യാപനം. 'പോർച്ചുഗൽ ജനതയോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്സി തിരിച്ചേൽപിക്കേണ്ട ദിവസം വന്നിരിക്കുന്നു. അത് എന്റേതുമാത്രമാണെന്ന് ഒരിക്കലും കരുതിയിട്ടില്ല. എന്നാൽ, 23 വർഷം ഈ ജഴ്സിയണിയാനും അതിനെ പ്രതിരോധിക്കാനും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യാനും എനിക്ക് ഭാഗ്യം ലഭിച്ചു. ഇന്ന് അത് അടുത്ത തലമുറക്ക് കൈമാറേണ്ട സമയമാണ്' -റൊണാൾഡോ പറഞ്ഞു.

തീരുമാനം എളുപ്പമായിരുന്നില്ലെന്നും ചില തീരുമാനങ്ങൾ ബുദ്ധികൊണ്ടു മാത്രമല്ല, ഹൃദയംകൊണ്ടുകൂടിയാണ് എടുക്കുന്നതെന്നും താരം വ്യക്തമാക്കി. 2003 ആഗസ്റ്റിൽ ആരംഭിച്ച് ജീവിതം തന്നെ മാറ്റിമറിച്ച യാത്രയാണ് അവസാനിക്കുന്നതെന്ന് റൊണാൾഡോ പറഞ്ഞു.

'ദേശീയ ടീമിനൊപ്പമുള്ള യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മത്സരങ്ങളും ഗോളുകളും റെക്കോഡുകളും കിരീടങ്ങളും മാത്രമല്ല ഞാൻ കാണുന്നത്. മനുഷ്യരെയാണ് കാണുന്നത്. 90 മിനിറ്റ് നേരത്തേക്കെങ്കിലും സ്വന്തം നാടിനോട് കൂടുതൽ അടുത്തുനിൽക്കുന്നതായി അനുഭവപ്പെട്ട വിദേശത്ത് കഴിയുന്ന പോർച്ചുഗീസുകാരെ കാണുന്നു. ഒരിക്കലും നേരിൽ കണ്ടിട്ടില്ലെങ്കിലും എന്റെ ജീവിതത്തിന്റെ ഭാഗമായ ദശലക്ഷക്കണക്കിന് പോർച്ചുഗീസുകാരെ കാണുന്നു. കാരണം, ഫുട്ബാൾ വെറുമൊരു കളിയേക്കാൾ എത്രയോ വലുതാണ്. ഫുട്ബാൾ മനുഷ്യരെക്കുറിച്ചാണ്' -റൊണാൾഡോ കൂട്ടിച്ചേർത്തു.

രാജ്യാന്തര ഫുട്ബാളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പുരുഷ താരമെന്ന റെക്കോഡുമായാണ് റൊണാൾഡോയുടെ മടക്കം. പോർച്ചുഗലിനായി 234 മത്സരങ്ങളിൽനിന്ന് 146 ഗോളുകൾ നേടിയ താരം, പുരുഷ രാജ്യാന്തര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവുമാണ്. 2003ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോയുടെ കരിയറിൽ നിരവധി ചരിത്രനിമിഷങ്ങളാണുള്ളത്.

2016ലെ യൂറോ കപ്പ് കിരീടനേട്ടമാണ് പോർച്ചുഗൽ ജഴ്സിയിലെ ഏറ്റവും തിളക്കമാർന്ന നേട്ടം. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ പ്രധാന അന്താരാഷ്ട്ര കിരീടമായിരുന്നു അത്. 2019ലും 2025ലും യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും റൊണാൾഡോയുടെ നേതൃത്വത്തിൽ പോർച്ചുഗൽ സ്വന്തമാക്കി. ആറ് ലോകകപ്പുകളിൽ കളിക്കുകയും എല്ലാ പതിപ്പുകളിലും ഗോൾ നേടുകയും ചെയ്ത ആദ്യ താരമെന്ന റെക്കോഡും സ്വന്തമാക്കി. അഞ്ചുതവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ റൊണാൾഡോ ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ മാസം പോർച്ചുഗൽ പരിശീലകൻ ജോർജ് ജീസസുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ദേശീയ ടീം ക്യാമ്പിൽനിന്ന് റൊണാൾഡോ മടങ്ങിയത് വലിയ വിവാദമായിരുന്നു. നേഷൻസ് ലീഗ് മത്സരത്തിൽ പകരക്കാരനായി പോലും കളത്തിലിറക്കാത്തതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് പരിശീലകനെതിരെ വിമർശനമുന്നയിച്ച റൊണാൾഡോ, സഹതാരങ്ങളോടും ആരാധകരോടും ക്ഷമാപണം നടത്തി ദീർഘമായ പ്രസ്താവനയും പുറത്തിറക്കിയിരുന്നു.


അന്ന് വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളിയ താരം, ദേശീയ ടീമിനായി ഇനിയും കളിക്കാൻ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ആഴ്ചകൾക്കിപ്പുറമാണ് ആരാധകരെ വികാരഭരിതരാക്കി വിരമിക്കൽ പ്രഖ്യാപനം എത്തുന്നത്.

നിലവിൽ സൗദി പ്രോ ലീഗിൽ അൽ നസ്‌റിനുവേണ്ടിയാണ് റൊണാൾഡോ കളിക്കുന്നത്. ക്ലബ് ഫുട്ബാളിലെ ഭാവിയെക്കുറിച്ച് പുതിയ പ്രഖ്യാപനത്തിൽ താരം വ്യക്തത നൽകിയിട്ടില്ല. മാഞ്ചസ്റ്റർ യുനൈറ്റഡിലും റയൽ മഡ്രിഡിലും യുവന്റസിലും വിസ്മയങ്ങൾ തീർത്ത താരം യൂറോപ്യൻ ഫുട്ബാളിലേക്ക് മടങ്ങിയെത്തുമോയെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

പോർച്ചുഗലിന്റെ ഫുട്ബാൾ ചരിത്രത്തിൽ സമാനതകളില്ലാത്ത അധ്യായം എഴുതിച്ചേർത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീമിന്റെ പടിയിറങ്ങുന്നത്. രണ്ട് പതിറ്റാണ്ടിലേറെ ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്തിയ ഏഴാം നമ്പർ ജഴ്സി ഇനി മറ്റൊരാളുടെ ചുമലിലേക്കെത്തുമ്പോഴും ആ ജഴ്സിയെ ലോക ഫുട്ബാളിന്റെ പ്രതീകമാക്കി മാറ്റിയ റൊണാൾഡോയുടെ പേര് ചരിത്രത്തിൽ മായാതെ നിലനിൽക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cristiano Ronaldo Retires from International Football
Next Story