5-1ന്റെ വമ്പൻ ജയവുമായി അൽ നസ്ർ; ഗോൾ നേട്ടത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ക്രിസ്റ്റ്യാനോ
text_fieldsസൗദി പ്രൊ ലീഗിൽ അൽ-നസ്റിന് വമ്പൻ ജയം. അൽ ഹസെമിന് എതിരെ 5-1ന്റെ വിജയമാണ് ക്രിസ്റ്റ്യാനോയും സംഘവും നേടിയത്. മത്സരത്തിൽ റൊണാൾഡോ ഒരു ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങി. കരിയറിൽ ആകെ 850 ഗോളുകൾ എന്ന നാഴികക്കല്ലും സൂപർ താരം പിന്നിട്ടു.
മത്സരത്തിന്റെ 33ാം മിനിറ്റിൽ ഖരീബിന്റെ ഗോളിലൂടെയാണ് അൽ നസ്ർ ഗോളടി ആരംഭിച്ചത്. 45ാം മിനിറ്റിൽ അൽ ഖൈബരിയിലൂടെ ലീഡ് വർധിപ്പിച്ചു. 47ാം മിനിറ്റിൽ ബദമോസി അൽ ഹസെമിനായി ഒരു ഗോൾ മടക്കി. 57ാം മിനിറ്റിൽ ഒട്ടാവിയോ ഗോളടിച്ചു. 68ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. 78ാം മിനിറ്റിൽ സാദിയോ മാനേയിലൂടെ അൽ നസ്ർ ഗോൾ നേട്ടം അഞ്ചാക്കി.
സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും നേടുന്ന തുടർച്ചയായ മൂന്നാം വിജയമാണിത്. അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് ക്രിസ്റ്റ്യാനോ നേടിയത് ആറ് ഗോളുകളാണ്. അൽ നസ്റിന് വേണ്ടി 30 മത്സരങ്ങളിൽ നിന്ന് ആകെ 26 ഗോളുകളാണ് താരം നേടിയത്.
850ാം ഗോൾ നേട്ടത്തിന്റെ ആഹ്ലാദം ക്രിസ്റ്റ്യാനോ എക്സിൽ പങ്കുവെച്ചു. 2021 ഡിസംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുമ്പോഴായിരുന്നു ക്രിസ്റ്റ്യാനോയുടെ 800ാം ഗോൾ നേട്ടം.
ഇന്നലത്തെ വിജയത്തോടെ അൽ നസ്ർ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 13 പോയിന്റോടെ ഒന്നാമതുള്ള അൽ ഹിലാലിന് നാല് പോയിന്റ് മാത്രം പിന്നിലാണ് ക്രിസ്റ്റ്യാനോയും സംഘവും. സെപ്റ്റംബർ 16ന് അൽ റയീദുമായാണ് അൽ നസ്റിന്റെ അടുത്ത മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

