ദുബൈയിൽ പുതിയ കൊട്ടാരം പണിത് റൊണാൾഡോ; സ്വപ്നഭൂമി സ്വന്തമാക്കിയത് 25 ദശലക്ഷം യൂറോക്ക്
text_fieldsഅറേബ്യൻ മണ്ണിൽ പുതിയൊരു സാമ്രാജ്യം പണിത് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും. സൗദി ക്ലബ്ബായ അൽ-നസ്റിനായി ബൂട്ടുകെട്ടുന്നതിനൊപ്പം, മിഡിൽ ഈസ്റ്റിൽ കുടുംബത്തിന് സ്ഥിരമായി ഒരു ആഡംബര താവളം ഒരുക്കുകയാണ് ഈ താരദമ്പതികൾ. ദുബൈയിലെ അതിസുരക്ഷിതമായ ‘ജുമൈറ ബേ ഐലൻഡ്’ അഥവാ 'ബില്യണയേഴ്സ് ഐലൻഡ്' എന്ന മനുഷ്യനിർമ്മിത ദ്വീപിൽ 25 ദശലക്ഷം യൂറോ (ഏകദേശം 21 ദശലക്ഷം പൗണ്ട് / 27 ദശലക്ഷം ഡോളർ) മുടക്കിയാണ് റൊണാൾഡോ സ്വപ്നഭൂമി സ്വന്തമാക്കിയത്.
കടലിന് നടുവിൽ കടൽകുതിരയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ദ്വീപ്, ദുബൈയിലെ അതിസമ്പന്നർ മാത്രം വസിക്കുന്ന അതിസുന്ദരമായ ഇടമാണ്. ലോകോത്തര റിസോർട്ടുകളും യാട്ട് ക്ലബ്ബുകളും മാത്രം നിറഞ്ഞ ഇവിടെ, ആകെ 124 കടൽഭിത്തി വില്ലകൾ മാത്രമാണുള്ളത്.
തങ്ങളുടെ അഞ്ച് മക്കൾക്കും ജോലിക്കാർക്കും ഒപ്പം താമസിക്കാനായി സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു ആഡംബര ഭവനമാണ് ഇവിടെ ഒരുങ്ങുന്നത്. പാലസ് ലക്ഷ്വറി ലിവിംഗ് എന്ന യു.എ.ഇയിലെ പ്രമുഖ ആഡംബര പ്രോപ്പർട്ടി കമ്പനിയാണ് ഇതിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. വിശാലമായ സ്വീകരണമുറികൾ, അത്യാധുനിക ഫിറ്റ്‌നസ് സെന്ററുകൾ, ജലാശയത്തോടു ചേർന്നുള്ള ഔട്ട്ഡോർ ഇടങ്ങൾ എന്നിവയെല്ലാം ഈ പുതിയ കൊട്ടാരത്തിന്റെ പ്രത്യേകതകളാണ്.
ദുബായിലെ പുതിയ സംരംഭത്തിന് പിന്നാലെ, മാഡ്രിഡിലെ തങ്ങളുടെ വിഖ്യാതമായ 'ലാ ഫിങ്ക' (La Finca) വില്ലയും വാർത്തകളിൽ നിറയുകയാണ്. റയൽ മാഡ്രിഡ് കാലത്ത് റൊണാൾഡോ 5 ദശലക്ഷം യൂറോയ്ക്ക് വാങ്ങിയ ഈ കൂറ്റൻ വില്ലയുടെ വലുപ്പം കണ്ട് താൻ ആദ്യകാലത്ത് വട്ടം കറങ്ങിയിട്ടുണ്ടെന്ന് ജോർജിന തന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ 'ഐ ആം ജോർജിന'യിലൂടെ തുറന്നുപറഞ്ഞിരുന്നു. അടുക്കള എവിടെയാണെന്ന് കണ്ടുപിടിക്കാൻ പോലും അരമണിക്കൂറോളം താൻ നടന്നിട്ടുണ്ടെന്നാണ് ജോർജിന അന്ന് പറഞ്ഞത്.
ഏഴ് കിടപ്പുമുറികളും ഒമ്പത് ബാത്റൂമുകളും നീന്തൽക്കുളങ്ങളും ജിമ്മും അടങ്ങിയ ഈ മാഡ്രിഡ് വീട്, റൊണാൾഡോ ക്ലബ്ബ് വിട്ടതോടെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് 2023-ൽ ഈ ആഡംബര വില്ല മാസം തോറും 10,000 യൂറോ വാടകയ്ക്ക് നൽകാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. സ്പെയിനിലെ പഴയ ഓർമ്മകൾ ഒരുവശത്ത് നിൽക്കുമ്പോൾ, ഗൾഫ് മേഖലയിലെ പുതിയ ബിസിനസ്സ് താൽപ്പര്യങ്ങൾക്കും കുടുംബ ജീവിതത്തിനുമാണ് റൊണാൾഡോ ഇപ്പോൾ ദുബൈലൂടെ അടിത്തറയിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

