അഞ്ചു ലീഗുകൾ, 500 ഗോളുകൾ; സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഹാട്രിക്
text_fieldsമക്ക: ഒടുവിൽ ഫോം കണ്ടെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദി പ്രോ ലീഗിൽ ഹാട്രിക് നേട്ടം. അൽ വെഹ്ദയെ 4-0ത്തിന് തകർത്ത അൽ നസ്റിന്റെ മുഴുവൻ ഗോളുകളും പിറന്നത് പോർചുഗീസ് താരത്തിന്റെ ബൂട്ടിൽനിന്നായിരുന്നു. 21ാം മിനിറ്റിൽ ഇടങ്കാലൻ ഷോട്ടിലൂടെ ലക്ഷ്യംകണ്ടപ്പോൾ അത് റൊണാൾഡോയുടെ ലീഗുകളിലെ 500ാം ഗോളായി. 41ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. 52ാം മിനിറ്റിലായിരുന്നു സൗദി മണ്ണിൽ റൊണാൾഡോയുടെ ആദ്യ ഹാട്രിക് പിറന്നത്. പെനാൽറ്റി കിക്കിലൂടെയായിരുന്നു ഗോൾ. 62ാം മിനിറ്റിലായിരുന്നു മത്സരത്തിലെ നാലാം ഗോൾ.
കരിയറിൽ 61ാം ഹാട്രിക്കായിരുന്നു റൊണാൾഡോയുടേത്. പോർചുഗലിനുവേണ്ടി പത്തും റയൽ മഡ്രിഡിനായി 44ഉം മാഞ്ചസ്റ്റർ യുനൈറ്റഡിനായി മൂന്നും ഹാട്രിക് നേടി. യുവന്റസ് ജഴ്സിയിൽ മൂന്നു ഹാട്രിക്കും റൊണാൾഡോ നേടി. ലാ ലിഗയിൽ റയൽ മഡ്രിഡിനായി 311 ഗോളും പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനായി 103 ഗോളും നേടി. ഇറ്റാലിയൻ സീരി എയിൽ യുവന്റസിനായി 81 ഗോളും പോർചുഗൽ ലീഗിൽ സ്പോർട്ടിങ് ലിസ്ബനിനായി മൂന്നു ഗോളും സൗദി ലീഗിൽ അൽ നസ്റിനായി അഞ്ചു ഗോളുമാണ് താരം നേടിയത്.