വിരമിക്കൽ അത്ര വേഗത്തിലുണ്ടാകില്ല; വിശദീകരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോ
റിയാദ്: ഫുട്ബാളിൽനിന്ന് ഉടൻ വിരമിക്കാൻ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം അഭിമുഖത്തിൽ നൽകിയ സൂചനകൾക്ക് വിശദീകരണവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോഴും സുവർണ സ്പർശവുമായി പോർച്ചുഗലിനു വേണ്ടിയും ലീഗിൽ അൽനസ്റിനായും ഗോളടിച്ചു കൂട്ടുന്നതിനിടെയായിരുന്നു കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ താൻ വിരമിക്കുകയാണെന്ന പ്രഖ്യാപനം.
25 വയസ്സ് മുതൽ വിരമിക്കലെന്ന ഭാരം താങ്ങാൻ തയാറെടുപ്പിലായിരുന്നെന്നും അന്ന് പറഞ്ഞിരുന്നു. എന്നാൽ, താൻ ബൂട്ടഴിക്കുമെന്ന് പറഞ്ഞത് ഒന്നോ രണ്ടോ വർഷത്തിനുള്ളിലേ ഉണ്ടാകൂ എന്നാണ് വിശദീകരണം. ക്ലബ് തലത്തിലും രാജ്യത്തിനുമായി ഇതിനകം 950 ഗോൾ നേടിയ താരത്തിന്റെ കരിയർ കാൽനൂറ്റാണ്ട് തികക്കാനിരിക്കുകയാണ്. 2002ൽ കൗമാരക്കാരനായി സ്പോർട്ടിങ്ങിലായിരുന്നു അരങ്ങേറ്റം. 1000 ഗോൾ എന്ന മാസ്മരിക അക്കമാണ് മനസ്സിലെന്ന് കഴിഞ്ഞ മാസം താരം സൂചിപ്പിച്ചിരുന്നു. മൂന്നുവർഷം പൂർത്തിയാക്കി കരാർ അടുത്തിടെ പുതുക്കിയ താരത്തിന് 2027 വരെ ക്ലബിൽ തുടരാം.
പോർച്ചുഗൽ യോഗ്യതക്കരികെ നിൽക്കുന്ന അടുത്ത വർഷത്തെ ലോകകപ്പിൽ പന്തുതട്ടാനും താരം ആഗ്രഹിക്കുന്നുണ്ട്. ഇതുവരെയും അന്യംനിന്ന ലോകകിരീടം തന്റെ ആറാമൂഴത്തിൽ പിടിക്കാമെന്ന സ്വപ്നവുമായാണ് റോണോ ഇറങ്ങുക. ‘‘നിലവിൽ സന്തോഷകരമാണ് കാര്യങ്ങൾ. ഗോളുകൾ നേടുന്നുണ്ട്. വേഗവും കൃത്യതയുമുണ്ട്. ദേശീയ ടീമിലും ഞാൻ കളി ആസ്വദിക്കുന്നു. എന്നാലും, സത്യസന്ധമായി പറഞ്ഞാൽ ഉടൻ എന്നതിനർഥം അത് ഒന്നോ രണ്ടോ വർഷത്തിനകമാകാം എന്നാണ്’’- റോണോയുടെ വാക്കുകൾ.
യു.എസിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പിൽ പോർച്ചുഗൽ യോഗ്യത നേടിയാൽ 41 കാരനായാകും റൊണാൾഡോ ബൂട്ടുകെട്ടുക. നിലവിൽ 143 രാജ്യാന്തര മത്സരങ്ങൾ കളിച്ച് ഗോൾവേട്ടയിൽ എതിരാളികളില്ലാതെ ടോപ് സ്കോററാണ് താരം. അതേസമയം, റോണോയുടെ ചുവടുകൾ പിന്തുടർന്ന് മകൻ ക്രിസ്റ്റ്യാനോ ജൂനിയറും ദേശീയ അണ്ടർ 16 ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

