ആഡംബരത്തിന്‍റെ അവസാന വാക്ക്! സൗദിയിലെ സ്വകാര്യ ദ്വീപിൽ രണ്ടു വില്ലകൾ സ്വന്തമാക്കി ക്രിസ്റ്റ്യാനോ
text_fieldsസൗദി അറേബ്യയിലെ ചെങ്കടൽ തീരത്ത് രണ്ടു ആഡംബര വില്ലകൾ സ്വന്തമാക്കി പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും. നുജുമയിലെ സ്വകാര്യ ദ്വീപായ റിറ്റ്സ് കാൾട്ടൺ റിസർവിലാണ് കുടുംബത്തോടൊപ്പം താമസിക്കാൻ മൂന്നു മുറികളുള്ള ഒരു വീടും അതിഥികൾക്കായി രണ്ടു കിടപ്പുമുറികളുള്ള വീടും താരം വാങ്ങിയത്.
സൗദിയുടെ പടിഞ്ഞാറൻ തീരത്തെ ആഡംബര വിനോദ സഞ്ചാര കേന്ദ്രമായ റെഡ് സീ പദ്ധതിയുടെ ഭാഗമാണ് ഈ സ്വകാര്യ ദ്വീപ്. കരയിൽനിന്ന് ഏകദേശം 26 കിലോമീറ്റർ ദൂരത്തിലാണ് ദ്വീപുള്ളത്. സ്വകാര്യതക്കും ആഡംബരത്തിനും പ്രധാന്യം നൽകി, പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന രീതിയിൽ രൂപകൽപന ചെയ്ത 19 സ്വതന്ത്ര വില്ലകളാണ് ഈ ദ്വീപിലുള്ളത്. കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള ഒരു സ്വകാര്യ വിശ്രമ കേന്ദ്രമാണിത്. ബോട്ടിലോ സീ പ്ലെയിനിലോ മാത്രമേ ഇവിടേക്ക് എത്തിച്ചേരാനാകു എന്നതാണ് ഇതിന്‍റെ പ്രത്യേകത.
ആദ്യ സന്ദർശനത്തിൽതന്നെ തനിക്കും ജോർജീനക്കും ദ്വീപിനോടും വില്ലകളോടും വലിയ ഇഷ്ടം തോന്നിയെന്നും ഇവിടുത്തെ പ്രകൃതി സൗന്ദര്യം വല്ലാതെ ആകർഷിച്ചെന്നും ക്രിസ്റ്റ്യാനോ പറയുന്നു. സമാധാനവും ശാന്തതയും കണ്ടെത്തുന്ന ഒരു സ്ഥലമായാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023ൽ ആദ്യത്തെ റിസോർട്ടുകൾ തുറന്നതുമുതൽ ദമ്പതികൾ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്. കൂടാതെ പദ്ധതിക്കുള്ളിൽ കൂടുതൽ നിക്ഷേപ അവസരങ്ങൾ തേടുകയും ചെയ്തിരുന്നു. നൂറു ശതമാനം പുനരുപയോഗ ഊർജമാണ് ഇവിടെ ഉപയോഗിക്കുന്നത്.
സൗദി അറേബ്യയുടെ വിഷൻ 2030 ഭാഗമായുള്ള ഫ്ലാഗ്ഷിപ്പ് പദ്ധതിയാണിത്. ഒരു വില്ലക്ക് ഏകദേശം 40 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള കായിക താരങ്ങളിൽ ഒന്നാമനാണ് സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്റിന്‍റെ താരമായ ക്രിസ്റ്റ്യാനോ. കഴിഞ്ഞ 12 മാസത്തെ താരത്തിന്‍റെ വരുമാനം 2356 കോടി രൂപയാണ് (275 മില്യൺ ഡോളർ). കളിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിനു പുറമെ, പരസ്യങ്ങളുൾപ്പെടെയുള്ളവയിലെ വരുമാനം കൂടി കണക്കാക്കിയാണ് പട്ടിക തയാറാക്കിയത്.
ഫുട്ബാളിൽനിന്നു തന്നെയാണ് ക്രിസ്റ്റ്യാനോയുടെ ഭൂരിഭാഗം വരുമാനവും. ഓൺ ഫീൽഡിൽനിന്ന് 225 മില്യൺ ഡോളറാണ് താരത്തിന്‍റെ വരുമാനം. പരസ്യം ഉൾപ്പെടെയുള്ള വരുമാനമായി 50 മില്യൺ ഡോളറും ലഭിക്കുന്നുണ്ട്. സൗദി ക്ലബ് അൽ നസറിൽനിന്നുള്ള കരാർ തുകയാണ് ക്രിസ്റ്റ്യാനോയെ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

