ക്രിസ്റ്റ്യാനോക്കും പോർചുഗലിനും ആശ്വാസം, ലോകകപ്പിലെ ആദ്യ മത്സരം കളിക്കാം; വിലക്ക് നീക്കി ഫിഫ
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോ
പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മത്സര വിലക്ക് നീക്കി ഫിഫ. ഇതോടെ താരത്തിന് അടുത്ത വർഷം നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിക്കാനാകും.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അയര്‍ലന്‍ഡിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയിരുന്നു. അയര്‍ലന്‍ഡ് താരം ഒഷിയയെ കൈമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു. റഫറി ആദ്യം മഞ്ഞക്കാര്‍ഡാണ് നല്‍കിയതെങ്കിലും പിന്നീട് വാര്‍ പരിശോധന നടത്തുകയും ചുവപ്പ് നീട്ടുകയും ചെയ്തു. അന്താരാഷ്ട്ര ഫുട്‌ബാളില്‍ ഇതാദ്യമായാണ് പോര്‍ചുഗീസ് നായകന് ചുവപ്പ് കാര്‍ഡ് കിട്ടുന്നത്.
താരത്തിന് മൂന്നു മത്സരങ്ങളിലെങ്കിലും വിലക്ക് ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. അര്‍മേനിയയുമായുള്ള ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരം താരത്തിന് നഷ്ടമായിരുന്നു. എന്നാൽ, ഫിഫ അച്ചടക്ക സമിതി താരത്തിന്‍റെ മത്സര വിലക്ക് ഒരു വർഷത്തെ ‘നല്ല നടപ്പാക്കി’ ചുരുക്കി. താരത്തിന്‍റെ ഇതുവരെയുള്ള പെരുമാറ്റം കണക്കിലെടുത്താണ് വിലക്ക് ഒരു മത്സരത്തിൽ ഒതുക്കിയത്. ഒരു വർഷത്തിനിടെ തെറ്റ് ആവർത്തിച്ചാൽ താരത്തിനെതിരെ കടുത്ത നടപടിയുണ്ടാകും. പ്രൊബേഷണറി കാലയളവിൽ സമാനമായ തെറ്റുകൾ ആവർത്തിച്ചാൽ താരത്തിന് മത്സര വിലക്ക് ഏർപ്പെടുത്തുമെന്നും ഫിഫ പ്രസ്താവനയിൽ അറിയിച്ചു.
പോർചുഗലിനായി 226 മത്സരിച്ച ക്രിസ്റ്റ്യാനോ ആദ്യമായാണ് ചുവപ്പ് കാർഡ് വാങ്ങുന്നത്. കരിയറിലെ ആറാം ലോകകപ്പ് കളിക്കാനുള്ള തയാറെടുപ്പിലാണ് ക്രിസ്റ്റ്യാനോ. അതേസമയം, സൗദി പ്രോ ലീഗിൽ അൽ ഖലീജിനെതിരെ നേടിയ മത്സരത്തിൽ അൽ നസ്റിനായി ക്രിസ്റ്റ്യാനോ നേടിയ അവിശ്വസനീയ ഗോൾ വൈറലാവുകയാണ്. അൽ നസ്റർ 4-0ത്തിന് ജയിച്ച മത്സരത്തിൽ കളി ലോങ് വിസിലിനോട് അടുക്കവെയാണ് ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ക്രിസ്റ്റ്യനോയുടെ ബൂട്ടിൽ നിന്നും മാജിക് ഗോൾ പിറന്നത്.
വിങ്ങിൽ നിന്നും നവാഫ് ബൗഷൽ നൽകിയ ലോങ് വോളി ക്രോസിൽ പന്ത് നിലംതൊടും മുമ്പേ ആകാശത്തേക്കുയർന്നായിരുന്നു ഇത്തവണ ക്രിസ്റ്റ്യാനോ മാജിക്. എതിർ താരത്തിന്റെ പ്രതിരോധ ശ്രമത്തിനിടയിൽ, ഉജ്വലമായ ആംങ്കിളിൽ അക്രോബാറ്റിക് മികവോടെ, തൊടുത്ത ബൈസിക്കിൾ കിക്ക് ഉന്നം തെറ്റിയില്ല. ഗോൾ കീപ്പർ ആന്റണി മോറിസിന് പന്തിന്റെ ഗതി തിരിച്ചറിയും മുമ്പേ വലകുലുങ്ങി. ശേഷം, ഗാലറി സാക്ഷ്യം വഹിച്ചത് അവിശ്വസനീയമായൊരു ഗോൾ മുഹൂർത്തത്തിന്റെ ആഘോഷത്തിന്.
ക്രിസ്റ്റ്യനോയുടെ അക്രോബാറ്റിക് സ്കിൽ ഗോളുകൾ ഫുട്ബാൾ മൈതാനത്ത് പുതുമയുള്ളതല്ല. 2017-18 യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മഡ്രിഡ് ജഴ്സിയിൽ യുവന്റസിനെതിരെ ഏഴടി ഏഴിഞ്ച് ഉയരത്തിൽ നേടിയ ബൈസികിൾ കിക്ക് ഗോളിനോട് സാമ്യതയുള്ളതാണ് ഞായറാഴ്ച രാത്രിയിൽ പിറന്ന ഗോളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

