ക്ലബ് മാറിയിട്ടും രക്ഷയില്ല; സൗദി സൂപ്പർ കപ്പിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ പുറത്ത്
text_fieldsറിയാദ്: സൗദി ക്ലബ് അല്‍ നസ്റിനായി രണ്ടാം മത്സരത്തിനിറങ്ങിയ പോർച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തോൽവിയോടെ മടക്കം. സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ ഇത്തിഹാദിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റാണ് അൽ നസ്ർ പുറത്തായത്.
റൊമാരീഞ്ഞോയുടെ ഗോളില്‍ മുന്നിലെത്തിയ അല്‍ ഇത്തിഹാദിനെതിരെ സമനില ഗോള്‍ നേടാന്‍ ക്രിസ്റ്റ്യാനോക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അബ്ദുറസാഖ് ഹംദുല്ല, മുഹന്നദ് അൽ ഷഖീറ്റി എന്നിവരും അൽ ഇത്തിഹാദിനായി വല കുലുക്കിയപ്പോൾ ആൻഡേഴ്സൻ ടാലിസ്കയുടെ വകയായിരുന്നു അൽ നസ്റിന്‍റെ ആശ്വാസ ഗോൾ.
മത്സരത്തിന് മുമ്പ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇറങ്ങിയ റൊണാള്‍ഡോയെ മെസ്സി, മെസ്സി വിളികളോടെയാണ് അല്‍ ഇത്തിഹാദ് ആരാധകര്‍ വരവേറ്റത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍നിന്ന് റെക്കോര്‍ഡ് തുകക്ക് അല്‍ നസ്റിലെത്തിയശേഷം ക്ലബിനായി റൊണാള്‍ഡോ കളിക്കുന്ന രണ്ടാമത്തെ മത്സരമായിരുന്നു ഇത്. ലയണൽ മെസ്സിയും എംബാപ്പെയും നെയ്മറും ഉള്‍പ്പെടുന്ന പി.എസ്.ജിക്കെതിരെ സൗഹൃദ മത്സരത്തിലും റൊണാൾഡോ ബൂട്ടണിഞ്ഞിരുന്നു. ഇതില്‍ 4-5ന് തോറ്റെങ്കിലും രണ്ട് ഗോളടിച്ച് റൊണാള്‍ഡോ തിളങ്ങിയിരുന്നു. ഫെബ്രുവരി മൂന്നിന് സൗദി പ്രോലീഗിൽ അൽ ഫത്തേയുമായാണ് അൽ നസ്റിന്‍റെ അടുത്ത മത്സരം.