നിറചിരിയോടെ ക്രിസ്റ്റ്യാനോ സൽമാൻ ഖാനൊപ്പം; ട്രോളന്മാർക്ക് ഇനി വിശ്രമിക്കാമെന്ന് ആരാധകർ
text_fieldsബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും പോർച്ചുഗീസ് ഇതിഹാസ ഫുട്ബാളർ ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം സിനിമ-ഫുട്ബാൾ ആരാധകർക്കിടയിലെ ചൂടേറിയ ചർച്ച. സൗദി അറേബ്യയിലെ റിയാദിൽ കഴിഞ്ഞ ദിവസം നടന്ന ബോക്സിങ് മത്സരം കാണാനെത്തിയപ്പോൾ ഇരുവരും കണ്ടുമുട്ടുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പോരിനും ട്രോളിനും വഴിയൊരുക്കിയത്. സൽമാൻ ഖാനെ മൈൻഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ പങ്കാളി ജോർജിന റോഡ്രിഗസിനൊപ്പം കടന്നുപോകുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്. ശേഷം ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോ നസാരിയോയെ കണ്ടുമുട്ടുമ്പോൾ കെട്ടിപ്പിടിക്കുന്നതും മറ്റു പലർക്കും കൈകൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
ഇതോടെ ക്രിസ്റ്റ്യാനോക്ക് എന്ത് സൽമാൻ ഖാനെന്ന പരിഹാസവുമായി പലരും രംഗത്തുവന്നു. റൊണാൾഡോയുടെ പ്രശസ്തിക്ക് മുന്നിൽ ബോളിവുഡ് നടന്മാർ ഒന്നുമല്ലെന്ന അഭിപ്രായവും ഉയർന്നു. ബോളിവുഡ് നടൻ വിക്കി കൗശലിനോട് സൽമാൻ ചെയ്തതിന് റൊണാൾഡോ ‘പ്രതികാരം’ ചെയ്തെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടത്. ഈ വർഷമാദ്യം അബൂദബിയിൽ അവാർഡ്ദാന ചടങ്ങിനെത്തിയപ്പോൾ സൽമാൻ ഖാന് കടന്നുപോകാൻ അംഗരക്ഷകർ വിക്കി കൗശലിനെ തള്ളിനീക്കിയിരുന്നു. ഈ സംഭവമാണ് ആരാധകർ കുത്തിപ്പൊക്കിയത്.
എന്നാൽ, പരിഹസിച്ചവർക്കെല്ലാം മറുപടിയായി പുതിയ ചിത്രം പുറത്തുവന്നിരിക്കുകയാണ്. ബോക്സിങ് റിങ്ങിന് സമീപം നിറഞ്ഞ ചിരിയോടെ ക്രിസ്റ്റ്യാനോ സൽമാനുമായി സംസാരിക്കുന്നതാണ് ഇതിലുള്ളത്. കഴിഞ്ഞ ദിവസം ട്രോളിയവർക്കെല്ലാം ഈ ചിത്രവുമായി മറുപടി നൽകുകയാണ് ഇപ്പോൾ സൽമാൻ ആരാധകർ. ക്രിസ്റ്റ്യാനോക്കും പങ്കാളിക്കും സമീപം ഇരിക്കുന്ന സൽമാൻ ഖാന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു.

