കീവിസിനെതിരെ നെതർലാൻഡിന് 323 റൺസ് വിജയലക്ഷ്യം
text_fieldsഹൈദരാബാദ്: ലോകകപ്പിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം തുടർന്ന് ന്യൂസിലാൻഡ്. നെതർലാൻഡിന് 323 റൺസ് വിജയ ലക്ഷ്യമാണ് കീവീസ് ബാറ്റർമാർ ഒരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 322 റൺസെടുത്തത്.
70 റൺസെടുത്ത ഓപണർ വിൽ യങ്ങാണ് ടോപ് സ്കോറർ. ഡെവൻ കോൺവേയും (32) വിൽ യങ്ങും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ രചിൻ രവീന്ദ്ര(51) രണ്ടാം മത്സരത്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കിയാണ് മടങ്ങിയത്.
നായകൻ ടോം ലാഥമും (53), ഡാരി മിച്ചലും (48) ചേർന്നാണ് ടീമിനെ മികച്ച ടോട്ടലിലേക്ക് എത്തിച്ചത്. നെതർലാൻഡിന് വേണ്ടി ആര്യൻ ദത്ത്, വാൻ മീക്കരൻ, വാൻ ഡർ മെർവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ നെതർലാൻഡ് 81 റൺസിന് പരാജയപ്പെട്ടിരുന്നു.

