ലോകകപ്പ് 2026: തെക്ക് നിന്ന് ഒന്നാമനായി അർജന്റീന; ബ്രസീൽ അഞ്ചാമത്; ചിലിക്ക് വീണ്ടും കണ്ണീർ
text_fieldsഎക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പ് അർജന്റീന ടീം അംഗങ്ങൾ
റിയോ ഡി ജനീറോ: 2026 ഫിഫ ലോകകപ്പിന്റെ തെക്കനമേരിക്കൻ യോഗ്യതാ റൗണ്ട് പോരാട്ടങ്ങൾക്ക് കൊടിയിറങ്ങിയതോടെ വിശ്വമേളയിലേക്കുള്ള കൂടുതൽ ടീമുകളുടെ ചിത്രവും തെളിഞ്ഞു.
48 ടീമുകൾ മത്സരിക്കുന്ന ലോകകപ്പിൽ ഇതുവരെയായി 18 ടീമുകളാണ് യോഗ്യത നേടിയത്. 16 ടീമുകൾ എത്തുന്ന യൂറോപ്പിൽ മത്സരങ്ങൾ ഇപ്പോൾ ചൂട് പിടിച്ച് വരുന്നേയുള്ളൂ. ആറ് ടീമുകളുള്ള തെക്കനമേരിക്കൻ റൗണ്ടിലെ പോരാട്ടങ്ങൾ ബുധനാഴ്ചയോടെ അവസാനിച്ചു.
18 മത്സരങ്ങൾ ഉൾപ്പെടുന്ന തെക്കനമേരിക്കൻ റൗണ്ടിൽ രണ്ടു വർഷത്തെ നീണ്ട കാലയളവിനൊടുവിലാണ് ബുധനാഴ്ച അവസാനിച്ചത്. 2023സെപ്റ്റംബറിൽ തുടങ്ങി, 2025 സെപ്റ്റംബറിൽ കൊടിയിറങ്ങുമ്പോൾ അത്ഭുതങ്ങളൊന്നും ഇത്തവണയില്ല. എന്നാൽ, ചിലി തുടർച്ചയായി മൂന്നാം ലോകകപ്പിനും യോഗ്യതയില്ലാതെ പുറത്തായി.
48 ടീമുകൾ മാറ്റുരക്കുന്ന ആദ്യ ലോകകപ്പിനാണ് ഇത്തവണ അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങളിലായി നടക്കുന്നത്. 32 ടീം ലോകകപ്പിൽ തെക്കനമേരിക്കയിൽ നിന്ന് നാല് ടീമുകൾക്കാണ് നേരിട്ട് യോഗ്യയെങ്കിൽ, 2026ൽ ആറ് പേർക്ക് നേരിട്ട് യോഗ്യതയായി മാറി. നിലവിലെ ലോകചാമ്പ്യന്മാരും ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരുമായ അർജന്റീന 18 കളിയിൽ 12 ജയവുമായി 38 പോയന്റുമായാണ് മേഖലയിൽ നിന്നും ഒന്നാമന്മാരായി ലോകകപ്പിന് ബർത്തുറപ്പിച്ചത്.
എട്ട് ജയവും എട്ട് സമനിലയുമായി എക്വഡോർ രണ്ടാം സ്ഥാനക്കാരായി. കണക്കുകൾ പ്രകാരം 32 പോയന്റുണ്ടെങ്കിലും, കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടീം അംഗത്തിന്റെ ജനന രേഖയിലെ കൃത്രിമത്വത്തിന്റെ പേരിൽ മൂന്ന് പോയന്റ് കുറച്ചുവെങ്കിലും 29പോയന്റുമായി എക്വഡോർ രണ്ടാം സ്ഥാനക്കാരായി ഇടം ഉറപ്പിച്ചു. മൂന്നാം സ്ഥാനത്ത് കൊളംബിയാണുള്ളത്. 28 പോയന്റ്.
ഇതേ പോയന്റുള്ള ഉറുഗ്വായ് നാലും, ബ്രസീൽ അഞ്ചും, പരഗ്വേ ആറും സ്ഥാനത്താണുള്ളത്. മൂന്ന് ലോകകപ്പിന്റെ കാത്തിരിപ്പിനു ശേഷമാണ് പരഗ്വേ വിശ്വമേളയുടെ മുറ്റത്തേക്ക് പന്തുതട്ടാനെത്തുന്നത്. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്വാർട്ടർഫൈനലിലെത്തിയ പ്രകടനവുമായി ഞെട്ടിച്ച പരഗ്വേ, 2014, 2018, 2022 ലോകകപ്പുകളിൽ യോഗ്യത നേടിയില്ല. ഏഴാമത് ലോകകപ്പിന് യോഗ്യത നേടിയ കൊളംബിയക്ക് 2022 ലോകകപ്പിന് പന്തു തട്ടാൻ അവസരമുണ്ടായിരുന്നില്ല.
പത്ത് ടീമുകൾ മത്സരിച്ച റൗണ്ടിൽ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ചിലി നിരാശപ്പെടുത്തിയത്. 18 കളിയിൽ രണ്ട് ജയം മാത്രമേ കോപ അമേരിക്കയിൽ രണ്ടു തവണ ജേതാക്കളായ ചിലിക്ക് കഴിഞ്ഞുള്ളൂ. 2018ലും 2022ലും ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ പോയ ചിലിയില്ലാത്ത മൂന്നാം ലോകകപ്പാവും അമേരിക്കയിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

