'ലോകകപ്പ് കച്ചവടം നടപ്പില്ല'; യുവേഫക്ക് പിന്നാലെ ഫിഫയുടെ സ്വകാര്യ നിക്ഷേപ പദ്ധതി തള്ളി കോൺകകാഫും
text_fieldsസൂറിച്ച്/മയാമി: ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷന്റെ (ഫിഫ) നീക്കത്തിനെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുന്നു. യൂറോപ്യൻ ഫുട്ബാൾ ഭരണസമിതിയായ യുവേഫയുടെ സമ്പൂർണ്ണ ബഹിഷ്കരണ പ്രഖ്യാപനത്തിന് പിന്നാലെ, വടക്കേ-മധ്യ അമേരിക്കൻ ഫുട്ബാൾ ഭരണസമിതിയായ 'കോൺകകാഫും' ഫിഫയുടെ വിവാദ നിർദേശം തള്ളി.
കോൺകാകാഫിന് കീഴിലുള്ള 41 അംഗരാജ്യങ്ങളും ഐകകണ്ഠേനയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ മുന്നോട്ടുവെച്ച പദ്ധതിക്കെതിരെ രംഗത്തെത്തിയത്. അടുത്തിടെ സമാപിച്ച 2026 ലോകകപ്പിന്റെ ആതിഥേയരായ അമേരിക്ക, മെക്സിക്കോ, കാനഡ തുടങ്ങിയ പ്രമുഖ രാജ്യങ്ങളും ഈ കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുന്നു. കോൺകാകാഫ് പ്രഖ്യാപിച്ച നിലപാടിന് യു.എസ് സോക്കർ ഫെഡറേഷനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പദ്ധതി തയ്യാറാക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും കൃത്യമായ സുതാര്യതയോ കൂടിയാലോചനകളോ ഉണ്ടായിട്ടില്ലെന്ന് കോൺകകാഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഫിഫയുടെ ഔദ്യോഗിക ഭരണസമിതികളിൽ കൃത്യമായ ചർച്ചകൾ നടക്കുന്നതിന് മുൻപ് തന്നെ, ചുരുങ്ങിയ സമയപരിധി നൽകി തീരുമാനം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിനെ അംഗങ്ങൾ രൂക്ഷമായി വിമർശിച്ചു.
റെക്കോർഡ് ലാഭം നേടിയ ലോകകപ്പിന് ശേഷം എന്തിനാണ് സ്വകാര്യ ഏജൻസികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് എന്ന ചോദ്യവും യോഗത്തിൽ ഉയർന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പ്രവർത്തനരീതിയിലും നേതൃത്വത്തിലും തങ്ങൾക്ക് പൂർണ്ണമായി വിശ്വാസം നഷ്ടപ്പെട്ടതായി ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടതായാണ് സൂചന.
ലോകകപ്പ്, ക്ലബ് ലോകകപ്പ് എന്നിവയുടെ വാണിജ്യ നടത്തിപ്പിനായി 'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' എന്ന പേരിൽ പുതിയ ഉപകമ്പനി രൂപീകരിക്കാനാണ് ഫിഫ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ 21 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിറ്റ് 4.2 ബില്യൺ ഡോളർ (ഏകദേശം 35,000 കോടിയിലധികം രൂപ) സമാഹരിക്കാനായിരുന്നു നീക്കം. ഇത് അംഗരാജ്യങ്ങൾക്ക് വീതിച്ചുനൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ കായിക പാരമ്പര്യം പണത്തിന് മുന്നിൽ അടിയറവ് വെക്കില്ലെന്ന നിലപാടിലാണ് കോൺഫെഡറേഷനുകൾ.
വിവാദ പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചില്ലെങ്കിൽ വരാനിരിക്കുന്ന എല്ലാ ഫിഫ ടൂർണമെന്റുകളും ബഹിഷ്കരിക്കുമെന്ന് 55 അംഗരാജ്യങ്ങളുള്ള യുവേഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം, ഉചിതമായ ചാനലുകളിലൂടെ ചർച്ച ചെയ്യാതെ വിഷയം പരസ്യമാക്കിയതിൽ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും നിരാശ പ്രകടിപ്പിച്ചു. അതേസമയം, പദ്ധതിയെക്കുറിച്ച് പഠിക്കാൻ ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധം കനത്തതോടെ ഈ പദ്ധതി അടിച്ചേൽപ്പിക്കലല്ലെന്നും കേവലം ഒരു നിർദേശം മാത്രമാണെന്നുമുള്ള വിശദീകരണവുമായി ജിയാനി ഇൻഫാന്റിനോ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ യുവേഫയ്ക്കും കോൺകകാഫിനും പിന്നാലെ മറ്റ് കോൺഫെഡറേഷനുകളും എതിർപ്പുയർത്തിയാൽ ഫിഫയ്ക്ക് ഈ തീരുമാനത്തിൽ നിന്ന് പൂർണ്ണമായും പിന്മാറേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

