പുതുമയോടെ ക്ലബ് ലോകകപ്പ്; ഇന്ന് കിക്കോഫ്
text_fieldsമയാമി: പുതുമോടിയിൽ ഒരുങ്ങുന്ന ക്ലബ് ലോകകപ്പ് ഫുട്ബാളിന് തുടക്കമാവുന്നു. അമേരിക്കയിലെ വിവിധ സ്റ്റേഡിയങ്ങളിലായി ഒരുമാസം നീളുന്ന ലോകകപ്പ് മാതൃകയിലുള്ള ടൂർണമെന്റിന് ഇന്നാണ് (ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ച 5.30ന്) കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ കൂടിയായ യു.എസ് ക്ലബ് ഇന്റർ മയാമിയും ആഫ്രിക്കൻ പ്രതിനിധികളായ ഈജിപ്ഷ്യൻ ടീം അൽ അഹ്ലിയും ഏറ്റുമുട്ടും.
- ലോകകപ്പ് മാതൃകയിൽ ടൂർണമെന്റ് ആദ്യം
- ജൂൺ 14 മുതൽ ജൂലൈ 14 വരെ അമേരിക്കയിലെ
- 12 സ്റ്റേഡിയങ്ങളിൽ
- ഉദ്ഘാടന മത്സരം ഇന്റർ മയാമിയും അൽ അഹ്ലിയും തമ്മിൽ
- ഇന്ത്യൻ സമയം നാളെ പുലർച്ച 5.30ന്
- ഫൈനൽ ജൂലൈ 14ന് പുലർച്ച 12.30ന്
- 32 ടീമുകൾ എട്ട് ഗ്രൂപ്പുകൾ 63 മത്സരങ്ങൾ
ക്ലബുകൾക്കും ഒരു ‘യഥാർഥ’ ലോകകപ്പ്
ക്ലബ് ലോകകപ്പ് നേരത്തേ തന്നെയുണ്ടെങ്കിലും ഇത്രയും കാലം അതിനൊരു പൊലിമയുണ്ടായിരുന്നില്ല. എല്ലാ വൻകരകളിലെയും ചാമ്പ്യന്മാർ മാത്രം അണിനിരക്കുന്ന ടൂർണമെന്റിന് കുറഞ്ഞ ടീമുകളാണ് എന്നതിനാൽതന്നെ കളിക്കമ്പക്കാരും കാര്യമായ വില കൽപിച്ചിരുന്നില്ല.
യൂറോപ്പിലെയോ ലാറ്റിനമേരിക്കയിലെയോ ചാമ്പ്യന്മാർക്ക് ഒരു കിരീടം കൂടി ഷോക്കേസിലെത്തിക്കാനുള്ള ഒരു കളിയായി മാത്രമേ പലരും അതിനെ കണ്ടിരുന്നുള്ളൂ. പുതിയ ഫോർമാറ്റിലും കപ്പ് ഈ രണ്ടു വൻകരകളിലേക്ക് മാത്രം തന്നെ പോകാനുള്ള സാധ്യത തന്നെയാണുള്ളതെങ്കിലും പുതുരീതിയിൽ വമ്പൻ ടീമുകൾക്കും അതിന് കടുത്ത കടമ്പ കടക്കേണ്ടിവരും. ദേശീയടീമുകൾ മാറ്റുരക്കുന്ന ലോകകപ്പ് മാതൃകയിൽതന്നെയാണ് ക്ലബ് ലോകകപ്പും. 32 ടീമുകളെ എട്ട് ഗ്രൂപ്പുകളിലാക്കി തിരിച്ച് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. എല്ലാ ഗ്രൂപ്പിൽനിന്നും രണ്ടുവീതം ടീമുകൾ പ്രീക്വാർട്ടറിലേക്ക്. പിന്നീട് ക്വാർട്ടർ, സെമി, ഫൈനൽ.
വൻ ക്ലബുകളും വമ്പൻ കളിക്കാരും
യൂറോപ്പിൽനിന്ന് വമ്പന്മാരായ റയൽ മഡ്രിഡ്, ബയേൺ മ്യൂണിക്, പാരിസ് സെന്റ് ജർമൻ, ഇന്റർ മിലാൻ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, അത്ലറ്റികോ മഡ്രിഡ്, യുവന്റസ്, പോർട്ടോ, ബെൻഫിക തുടങ്ങിയ ക്ലബുകളും ലാറ്റിനമേരിക്കയിൽനിന്ന് റിവർപ്ലേറ്റ്, ഫ്ലെമിംഗോ, ബോക ജൂനിയേഴ്സ് തുടങ്ങിയ കരുത്തരും അണിനിരക്കുന്നുണ്ട്. കിലിയൻ എംബാപെ, എർലിങ് ഹാലന്റ്, വിനീഷ്യസ് ജൂനിയർ, ഹാരി കെയ്ൻ, ലയണൽ മെസ്സി, ഉസ്മാനെ ഡെംബലെ തുടങ്ങിയവരടക്കമുള്ള സൂപ്പർ താരങ്ങൾ ടൂർണമെന്റിൽ പന്തുതട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

