ക്ലബ് ലോകകപ്പിൽ ഇന്ന് ഹൈക്ലാസ് ക്വാർട്ടർ
text_fieldsവാഹനാപകടത്തിൽ മരിച്ച ലിവർപൂൾ താരം ഡിയോഗോ ജോട്ടക്കും സഹോദരൻ ആന്ദ്രെ സിൽവക്കും പരിശീലനത്തിനിടെ ആദരാഞ്ജലികളർപ്പിക്കുന്ന റയൽ മഡ്രിഡ് ടീം
അത്ലാന്റ (യു.എസ്): ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ സെമി ഫൈനൽ തേടി ശനിയാഴ്ച കരുത്തരുടെ നേരങ്കം. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജെർമെയ്ൻ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കാണ് എതിരാളികൾ. മറ്റൊരു ജർമൻ സംഘമായ ബോറൂസിയ ഡോർട്ട്മുണ്ട് ക്ലബ് ലോകകപ്പ് മുൻ ജേതാക്കൾ കൂടിയായ റയൽ മഡ്രിഡുമായും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 9.30ന് അത്ലാന്റ മേഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിലാണ് പി.എസ്.ജി-ബയേൺ പോരാട്ടം. വെളുപ്പിന് 1.30ന് റയൽ-ഡോർട്ട്മുണ്ട് മത്സരവും നടക്കും. ന്യൂജഴ്സി ഈസ്റ്റ് റഥർഫോഡ് മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് കളി.
സീസണിൽ ഇതിനകം മൂന്ന് പ്രധാന കിരീടങ്ങൾ സ്വന്തമായുള്ള പി.എസ്.ജിയുടെ സ്വപ്നയാത്ര ക്ലബ് ലോകകപ്പ് ട്രോഫിയിൽ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ ലൂയിസ് എൻറിക് വ്. പ്രീക്വാർട്ടറിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിയെ എതിരില്ലാത്ത നാല് ഗോളിന് കശക്കി. യൂറോപ്യൻ ചാമ്പ്യന്മാരെ പിടിച്ചുകെട്ടുക ബയേണിനെ സംബന്ധിച്ച് എളുപ്പമായിരിക്കില്ല. സീസണിൽ അവിശ്വസനീയ പ്രകടനം നടത്തുന്ന പി.എസ്.ജിയുമായി മത്സരം കടുത്തതായിരിക്കുമെന്ന് ബയേണിന്റെ സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്ൻ സമ്മതിക്കുന്നു. കെയ്നിന്റെ ഇരട്ട ഗോൾ മികവിൽ ഫ്ലമെംഗോയെ 4-2ന് വീഴ്ത്തിയാണ് ഇവർ ക്വാർട്ടറിലെത്തിയത്. കെയ്നിനൊപ്പം കിങ്സ്ലി കൊമാൻ, ജമാൽ മൂസിയാല തുടങ്ങിയവർ ചേരുമ്പോൾ ജർമൻ സംഘത്തിന്റെ ആക്രമണത്തിന് മൂർച്ച കൂടും. ഉസ്മാൻ ഡെംബൽ തിരിച്ചെത്തിയതോടെ പി.എസ്.ജിയുടെ വീര്യം വീണ്ടും വർധിച്ചിട്ടുണ്ട്.
പരിശീലകനായി സാബി അലോൺസോ ചുമതലയേറ്റെടുത്ത ശേഷം ആദ്യ കിരീടമാണ് റയലിന്റെ ലക്ഷ്യം. ഇക്കുറി സ്പാനിഷ് ലാലിഗയിൽ രണ്ടാംസ്ഥാനത്തായ ടീമിന് ചാമ്പ്യൻസ് ലീഗിലും നേരത്തേ മടങ്ങേണ്ടിവന്നു. ട്രോഫി ദാരിദ്ര്യത്തിന് തടയിടാനുള്ള പുറപ്പാടിലാണിവർ. അസുഖം ഭേദമായി സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ തിരിച്ചെത്തിയത് റയലിന് കരുത്തേകും. ഇറ്റാലിയൻ മുൻ ചാമ്പ്യന്മാരായ യുവന്റസിനെ എതിരില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയായിരുന്നു ഇവരുടെ ക്വാർട്ടർ പ്രവേശനം. മറുഭാഗത്ത് മെക്സിക്കൻ ക്ലബായ മോണ്ടെറിയെ 2-1ന് ഡോർട്ട്മുണ്ടും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

