യൂറോപ്പിൽ ഇനി ക്ലബ് ഫുട്ബാൾ ആവേശം; പ്രീമിയർ ലീഗിനും ലാ ലിഗക്കും ഇന്ന് കിക്കോഫ്
text_fieldsലണ്ടൻ: യൂറോപ്പിൽ ഇനി ക്ലബ് ഫുട്ബാളിന്‍റെ ആവേശക്കാലം. ഇംഗ്ലീഷ് പ്രീമിയർ ലീഗിനും സ്പാനിഷ് ലാ ലിഗക്കും ഫ്രഞ്ച് ലീഗ് വണ്ണിനും വെള്ളിയാഴ്ച തുടക്കമാകും.
പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും ബേൺമൗത്തും തമ്മിലാണ് ആദ്യ പോരാട്ടം. ആൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി 12.30നാണ് മത്സരം. മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ശനിയാഴ്ചയാണ് ആദ്യ അങ്കം. വോൾവ്സിനെ അവരുടെ തട്ടകത്തിൽ നേരിടും. ചെൽസിയും മാഞ്ചസ്റ്റർ യുനൈറ്റഡും ആഴ്സനലും ഞായറാഴ്ച ഇറങ്ങും. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസിയും ക്രിസ്റ്റൽ പാലസും നേർക്കുനേർ വരും. ഓൾഡ് ട്രാഫോർഡിൽ യുനൈറ്റഡുമായി ഗണ്ണേഴ്സും ഏറ്റുമുട്ടും.
ആവേശത്തിന്‍റെയും വാശിയുടെയും കാര്യത്തിൽ യൂറോപ്പിലെ മറ്റേതൊരു ലീഗിനേക്കാളും മുകളിലാണ് പ്രീമിയർ ലീഗ്. പുതിയ സീസണിൽ പുതിയ താരങ്ങളെ കൂടാരത്തിലെത്തിച്ച് ഏറെ പ്രതീക്ഷയോടെയാണ് വമ്പന്മാർ കളത്തിലിറങ്ങുന്നത്. ഇത്തവണയും അത്ഭുതം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആർനെ സ്ലോട്ടും സംഘവും. എന്നാൽ, കഴിഞ്ഞ സീസണിലെ അപ്രതീക്ഷിത തിരിച്ചടിയിൽനിന്ന് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. പിടിതരാതെ വഴുതിപോകുന്ന കിരീടം ഇത്തവണയെങ്കിലും കൈപിടിയിലൊതുക്കാനാകുമെന്നാണ് മൈക്കൽ അർട്ടേറ്റയുടെ ആഴ്സണൽ കണക്കുകൂട്ടുന്നത്. യുവാക്കളാണ് ചെൽസിയുടെ കരുത്ത്.
കഴിഞ്ഞ സീസണിൽ 15ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ഫിനിഷ് ചെയ്തത്. ക്ലബ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്. മുന്നേറ്റ നിര ശക്തിപ്പെടുത്തിയ യുനൈറ്റഡിന് തകർച്ചയിൽനിന്ന് കരകയറാനാകുമെന്ന പ്രതീക്ഷയിലാണ് റൂബൻ അമോറിമും സംഘവും. ലാ ലിഗയിൽ റയൽ മഡ്രിഡിനും ബാഴ്സലോണക്കും തന്നെയാണ് സാധ്യത കൽപിക്കപ്പെടുന്നത്. വെള്ളിയാഴ്ച രാത്രി ജിറോണയും റയോ വല്ലേക്കാനോയും തമ്മിലാണ് ലീഗിലെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ ശനിയാഴ്ച മയ്യോർക്കയുടെ തട്ടകത്തിൽ ആരംഭം കുറിക്കും. മുൻ ജേതാക്കളായ റയൽ മഡ്രിഡിന് ചൊവ്വാഴ്ചയാണ് ആദ്യ കളി. സാൻഡിയാഗോ ബെർണാബ്യൂവിൽ ഒസാസുനയുമായി ഏറ്റുമുട്ടും.
ഫ്രഞ്ച് ലീഗ് വൺ സീസണിലെ ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച റെന്നസും ഒളിമ്പിക് മാഴ്സെയും പോരിനിറങ്ങും. നിലവിലെ ചാമ്പ്യന്മാരും ചാമ്പ്യൻസ് ലീഗ് ജേതാക്കളുമായ പി.എസ്.ജി ഞായറാഴ്ചയും കളത്തിലെത്തും. എവേ മത്സരത്തിൽ നാന്റസാണ് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

