എറിക്സൺ വീണ്ടും കളിക്കളത്തിൽ
text_fieldsലണ്ടൻ: എട്ടു മാസത്തിനുശേഷം ക്രിസ്റ്റ്യൻ എറിക്സൺ വീണ്ടും മത്സരത്തിനിറങ്ങി. യൂറോ കപ്പിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണതിനെ തുടർന്ന് ഏറെക്കാലമായി കളത്തിനു പുറത്തായിരുന്ന ഡെന്മാർക് പ്ലേമേക്കർ ഇംഗ്ലണ്ടിലെ ബ്രെൻഡ്ഫോഡ് ക്ലബ് ജഴ്സിയിലാണ് സൗഹൃദ മത്സരത്തിൽ പന്തുതട്ടിയത്. സൗതെൻഡിനെതിരായ കളിയിൽ ഗോളിന് വഴിയൊരുക്കുകയും ചെയ്ത് വാലൈന്റൻ ദിനത്തിലെ ജന്മദിനം കേമമാക്കുകയും ചെയ്തു 30കാരൻ.
കഴിഞ്ഞവർഷം ജൂൺ 12ന് യൂറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെയാണ് കാൽപന്തുലോകത്തെ നടുക്കി എറിക്സൺ പൊടുന്നനെ കുഴഞ്ഞുവീണത്. സഹകളിക്കാരുടെയും വൈദ്യസംഘത്തിന്റെയും അടിയന്തര ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയ എറിക്സൺ പിന്നീട് ഏറെക്കാലത്തെ ആശുപത്രിവാസത്തിനു ശേഷമാണ് പുറത്തിറങ്ങിയത്. അതിനിടെ, ശരീരത്തിൽ കാർഡിയോവെർട്ടർ ഡിഫിബ്രില്ലേറ്റർ ഘടിപ്പിക്കുകയും ചെയ്തു. ഇത് വെച്ചുപിടിപ്പിച്ചവർ കളത്തിലിറങ്ങാൻ ഇറ്റലിയിലെ നിയമം അനുവദിക്കാത്തതിനാൽ ഇന്റർ മിലാൻ എറിക്സണുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് ബ്രെൻഡ്ഫോഡ് താരവുമായി ആറു മാസത്തെ കരാറിലെത്തിയത്.

