
യു.കെയിൽ മുസ്ലിം താരങ്ങൾക്ക് അവകാശ പത്രം; ഒപ്പുവെച്ച് ഫുട്ബാൾ ക്ലബുകൾ
text_fieldsലണ്ടൻ: മദ്യ ഉപഭോഗം ഉൾപെടെ വിഷയങ്ങളിൽ വ്യത്യസ്ത സമീപനം സൂക്ഷിക്കുന്ന മുസ്ലിം താരങ്ങളുടെ ഇത്തരം വിഷയങ്ങൾ മാനേജ്മെൻറ് അംഗീകരിക്കാനാവശ്യപ്പെട്ട് അവകാശ പത്രം സമർപിച്ച് സംഘടന. ക്ലബുകൾ താരങ്ങളുടെ സാംസ്കാരിക, മതപരമായ പരിഗണനകൾക്ക് വില കൽപിക്കണമെന്ന ആവശ്യവുമായി നുജൂം സ്പോർട്സ് എന്ന സന്നദ്ധ സംഘടനയാണ് മുസ്ലിം അത്ലറ്റ്സ് ചാർട്ടർ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഐ.പി.എല്ലിൽ ചെന്നൈ ജഴ്സിയിൽ ഇറങ്ങിയ ഇംഗ്ലീഷ് താരം മുഈൻ അലി അണിഞ്ഞ ജഴ്സിയിൽ മദ്യക്കമ്പനിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് താരവും ക്ലബും സ്പോൺസർമാരുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായിരുന്നു. ഇതേ നയത്തിന് ഔദ്യോഗിക പദവി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ചാർട്ടർ പ്രഖ്യാപനം.
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ അഞ്ചു മുൻനിര ടീമുകൾ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സ്ഥാനക്കയറ്റം ലഭിച്ച ബ്രെൻറ്ഫോർഡ്, വാറ്റ്ഫോഡ് എന്നിവയും ഇതിലുൾപെടും. രണ്ടാം ഡിവിഷനിൽ 15 ടീമുകളും അംഗീകരിച്ചിട്ടുണ്ട്.
മദ്യം വേെണ്ടന്നു വെക്കൽ, പരിശീലന, മത്സര വേദികളിൽ പ്രാർഥനാ സൗകര്യം, ഹലാൽ ഭക്ഷണം ലഭ്യമാക്കൽ, വെള്ളിയാഴ്ചകളിൽ മസ്ജിദിൽ പോകാൻ അനുമതി, റമദാൻ മാസത്തിൽ വൃതമെടുക്കാൻ അനുമതി തുടങ്ങിയവയാണ് ചാർട്ടർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ.
പ്രിമിയർ ലീഗിൽ മാത്രം 70 മുസ്ലിം താരങ്ങൾ പന്തു തട്ടുന്നുണ്ട്. ഈ എണ്ണം അതിവേഗം വർധിക്കുകയുമാണ്. ഇവരുൾപെടെ മുൻനിര ഫുട്ബാൾ ലീഗുകളിൽ മൊത്തം പന്തു തട്ടുന്നത് 250 പേരും.
ഇംഗ്ലണ്ടിനു പുറമെ സ്വീഡൻ ഉൾപെടെ രാജ്യങ്ങളിലെ ക്ലബുകളും ചാർട്ടർ അംഗീകരിച്ചതായി നുജൂം സ്പോർട്സ് പറയുന്നു. ലിവർപൂൾ താരം മുഹമ്മദ് സലാഹ്, യുനൈറ്റഡ് നിരയിലെ പോൾ പോഗ്ബ തുടങ്ങിയവർ വിശ്വാസ വിഷയങ്ങളിൽ നിഷ്ഠ സൂക്ഷിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
