സാവോപോളോ: തിരിച്ചടികളിൽ തളർന്നുപോയവർക്ക് എന്നും പ്രചോദനമാണ് ബ്രസീൽ ഫുട്ബാൾ ക്ലബ് ചാപെകോയൻസ്. അഞ്ചു വർഷം മുമ്പ് സുപ്രധാനമായൊരു കിരീടപ്പോരാട്ടത്തിനുള്ള യാത്രാമധ്യേ, വിമാനം തകർന്ന് കത്തിച്ചാമ്പലായി ഒരുപിടി ചാരമായ ടീമിൽനിന്നുള്ള ഉയിർത്തെഴുന്നേൽപാണ് ചാെപകോയൻസ്.
2016 നവംബർ 26ന് നടന്ന വിമാന ദുരന്തത്തിൽ ഫസ്റ്റ് ടീമിലെ 19 കളിക്കാരും കോച്ചും സപ്പോർട്ടിങ് സ്റ്റാഫും ഉൾപ്പെടെ 71 പേർ കൊല്ലപ്പെട്ടു. ടീം ഒന്നാകെ ഇല്ലാതായി. തുടർന്ന്, ലോകമെങ്ങുമുള്ള ഫുട്ബാൾപ്രേമികളുടെയും ബാഴ്സലോണ ഉൾപ്പെടെയുള്ള ക്ലബുകളുടെയും സഹായത്തോടെ ഉയിർത്തെഴുന്നേറ്റ ക്ലബ് പിച്ചവെച്ചു നടക്കുകയായിരുന്നു.
തരംതാഴ്ത്തൽ ഒഴിവാക്കി ആദ്യ മൂന്ന് സീസണിൽ ഫസ്റ്റ് ഡിവിഷനിൽ പിടിച്ചുനിന്നെങ്കിലും 2019ൽ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഇപ്പോഴിതാ, രണ്ടാം ഡിവിഷനിൽ രണ്ടാം സ്ഥാനക്കാരായി 'സീരി എ'യിലേക്ക് സ്ഥാനക്കയറ്റം നേടിയിരിക്കുന്നു. ഒന്നിൽനിന്നു തുടങ്ങി, വിജയകരമായി കെട്ടിപ്പടുത്ത്, സ്വന്തം കാലിൽ നിൽക്കാൻ കരുത്തുകാണിച്ച്, ബ്രസീൽ ടോപ് ഡിവിഷനിൽ തിരികെയെത്തി ആരാധകർക്ക് പ്രചോദനമാവുകയാണ് ചാപെകോയൻസ്.