വിനി വിളയാട്ടം; ഡോർട്ട്മുണ്ട് വലനിറച്ച് (5-2) ചാമ്പ്യൻസ് ലീഗിൽ റയലിന്റെ ഗംഭീര തിരിച്ചുവരവ്
text_fieldsമാഡ്രിഡ്: ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിൽ നിന്ന റയൽ മാഡ്രിഡ് രണ്ടാം പകുതിയിൽ സംഹാര താണ്ടവമാടിയതോടെ ബെറൂസിയ ഡോർട്ട്മുണ്ട് വലയിൽ ചെന്ന് പതിച്ചത് അഞ്ച് ഗോളുകൾ. ചാമ്പ്യൻസ് ലീഗിൽ 5-2 ന്റെ തകർപ്പൻ ജയത്തോടെ റയൽ തിരിച്ചുവന്നു.
സാൻഡിയാഗോ ബർണബ്യൂവിൽ നടന്ന പോരാട്ടത്തിൽ ബ്രസീലിയൻ സ്റ്റാർ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയർ ഹാട്രിക്കാണ് ഡോർട്ട്മുണ്ടിന്റെ കഥകഴിച്ചത്. 30 ാം മിനിറ്റിൽ ഡോണയൽ മലെനിലൂടെയാണ് ഡോർട്ട് മുണ്ട് ആദ്യ ലീഡെടുക്കുന്നത്.
34ാം മിനിറ്റിൽ ജാമി ഗിട്ടൻസിലൂടെ ഡോർട്ട് ഇരട്ടിയാക്കിയതോടെ കളിപൂർണമായും ഡോർട്ട്മുണ്ടിന്റെ കൈകളിലായി. എന്നാൽ, രണ്ടാം പകുതിയിൽ റയൽ പ്രതിരോധതാരം അന്റോണിയോ റൂഡിഗറിലൂടെ റയൽ ആദ്യ ഗോൾ കണ്ടെത്തി(2-1).
രണ്ട് മിനിറ്റിനകം വിനീഷ്യസ് ജൂനിയർ നേടിയ ഗോളിലൂടെ ഗോൾ നില തുല്യമാക്കി (2-2). 83ാം മിനിറ്റിൽ ലൂക്കാസ് വാസ്ക്വസും ഗോൾ കണ്ടെത്തിയതോടെ റയൽ ആദ്യമായി ലീഡെടുത്തു (3-2). 86ാം മിനിറ്റിൽ ഡോർട്ട്മുണ്ടിനെ ഞെട്ടിച്ച് വിനി തന്റെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ റയൽ ലീഡ് ഇരട്ടിയാക്കി (4-2).
എന്നാൽ, വിനീഷ്യസ് അവിടംകൊണ്ടും നിർത്തിയില്ല. നിശ്ചിത സമയം കടന്ന് 93 ാം മിനിറ്റിൽ വിനിയുടെ ഹാട്രിക് എത്തിയതോടെ ഡോർട്ട്മുണ്ട് തരിപ്പണമായി. കഴിഞ്ഞ മത്സരത്തിൽ ലില്ലെയോട് ഒരു ഗോളിന് പരാജയപ്പെട്ട റയലിന് ചാമ്പ്യൻസ് ലീഗിൽ ഗംഭീരമായി തിരിച്ചുവരാനായി. എന്നാൽ, ഡോർട്ട്മുണ്ടിനാകട്ടെ സീസണിലെ ആദ്യ തോൽവിയാണിത്.

