ചാമ്പ്യൻസ് ലീഗ് സെമിക്ക് ഇന്ന് തുടക്കം; ബയേൺ പാരിസിൽ
text_fieldsപാരിസ്: യൂറോപ്യ വൻകരയുടെ ക്ലബ് രാജാക്കന്മാരെ തീരുമാനിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ ചൊവ്വാഴ്ച മുതൽ സെമി ഫൈനൽ പോരാട്ടങ്ങൾ. ഇന്ന് ആദ്യ പാദത്തിൽ നിലവിലെ ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെർമെയ്നും മുൻ ജേതാക്കളായ ബയേൺ മ്യൂണിക്കും ഏറ്റുമുട്ടും. ഇതുവരെ കിരീട ഭാഗ്യമുണ്ടായിട്ടില്ലാത്ത ആഴ്സനൽ, അത്ലറ്റിക്കോ മഡ്രിഡ് ടീമുകൾ ബുധനാഴ്ച നേർക്കുനേർ വരും.
പി.എസ്.ജിയുടെ തട്ടകമായ പാർക് ഡെസ് പ്രിൻസസിൽ ഇറങ്ങുന്ന ബയേൺ ജർമനിയിൽ ബുണ്ടസ് ലിഗ ചാമ്പ്യൻ പട്ടം നിലനിർത്തിയതിന്റെ ആവേശത്തിലാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ഇരുപാദങ്ങളിലും ഇവർ റയൽ മഡ്രിഡിനെതിരെ ആധികാരിക ജയങ്ങൾ നേടിയിരുന്നു. സ്ട്രൈക്കർ സെർജ് നാബ്രിയുടെ പരിക്ക് വിൻസന്റ് കൊമ്പനിയുടെ സംഘത്തിന് തിരിച്ചടിയാണ്. ടോം ബിഷോഫും ലെന്നറ്റ് കാളും തിരിച്ചുവരവിന് ഒരുങ്ങുകയാണെങ്കിലും പാരിസിൽ ഇറങ്ങില്ല. ഹാരി കെയ്ൻ നയിക്കുന്ന മുന്നേറ്റത്തിലാണ് പ്രധാന പ്രതീക്ഷ. പിന്തുണയുമായി മൈക്കൽ ഒലിസും ലൂയിസ് ഡയസും ജമാൽ മൂസിയാലയും ജോഷ്വ കിമ്മിച്ചുമുണ്ട്. ക്രോസ് ബാറിന് കീഴിൽ മാനുവൽ നൂയർ വിശ്വാസം കാക്കുന്നു.
സംഘം ലൂയിസ് എൻട്രിക്കിന് കീഴിൽ ഫ്രഞ്ച് ചാമ്പ്യൻ പട്ടം നിലനിർത്താനൊരുങ്ങുന്ന പി.എസ്.ജി ക്വാർട്ടറിന്റെ ഇരുപാദങ്ങളിലും ലിവർപൂളിനെ രണ്ടുവീതം ഗോളിനാണ് തരിപ്പണമാക്കിയത്. പരിക്ക് കാരണം പുറത്തായിരുന്ന വിറ്റിഞ്ഞ മടങ്ങിവരുന്നത് മധ്യനിരക്ക് കരുത്തുകൂട്ടും. ഉസ്മാൻ ഡെബലും ഡിസയർ ഡൂവും ഖ്വിച്ച ക്വാറത്സ്ഖേലിയയുമടങ്ങുന്ന ആക്രമണനിരയെ നിയന്ത്രിക്കാൻ ബയേൺ പാടുപെടുമെന്നുറപ്പാണ്. ജാവോ നെവസ്, ഫാബിയൻ റൂയിസ് തുടങ്ങിയവർ മധ്യനിരയിലും അഷ്റഫ് ഹക്കീമിയും നൂനോ മെൻഡസും മാർക്കിഞ്ഞോസുമെല്ലാം പ്രതിരോധത്തിലും അണിനിരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

