യൂറോപ്പിൽ പന്തിന് തീപ്പിടിക്കുന്നു; ഇന്ന് മുതൽ വമ്പൻ പോരാട്ടങ്ങൾ
text_fieldsimage credit: uefa champions league x
ലണ്ടൻ: ഫുട്ബാൾ ആരാധകർക്ക് ഇനി രാത്രിയെ പകലാക്കുന്ന ഉറക്കമില്ലാത്ത രാവുകൾ. യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ വൻ സംഘങ്ങൾ ഇന്ന് മുതൽ കളത്തിലിറങ്ങുന്നു. വൻകരയിലെ മുൻനിര ക്ലബുകൾ ഏറ്റുമുട്ടുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ 2025-26 എഡിഷന് ചൊവ്വാഴ്ച രാത്രിയിൽ. പുതിയ ഫോർമാറ്റിലേക്ക് മാറിയ ലീഗിന്റെ രണ്ടാം പതിപ്പിനാണ് സീസൺ ഉണരുന്നത്.
36 ടീമുകൾ ഏറ്റുമുട്ടും. ഓരോ ടീമിനും എട്ട് വീതം മത്സരങ്ങളാണുണ്ടാവുക. പോയന്റ് പട്ടികയിൽ ആദ്യ എട്ടിലെത്തുന്നവരും പ്ലേ ഓഫിലൂടെ കടക്കുന്ന ബാക്കി എട്ട് ടീമുകളും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടും. ഫ്രഞ്ച് ലീഗിലെ കരുത്തരായ പാരിസ് സെന്റ് ജെർമെയ്നാണ് നിലവിലെ ചാമ്പ്യന്മാർ. മൂന്ന് ദിവസങ്ങളിലായാണ് ആദ്യ റൗണ്ട് മത്സരങ്ങൾ.
സെപ്റ്റംബർ 16ന് തുടങ്ങുന്ന ടൂർണമെന്റ് 2026 മേയ് 30 വരെ നീണ്ടു നിൽക്കും.
ഇംഗ്ലണ്ടിൽ നിന്ന് ആറും, സ്പെയിനിൽ നിന്ന് അഞ്ചും ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കുന്നുണ്ട്. ഹംഗറിയിലെ പുഷ്‍കാസ് അറിനയിലാണ് വൻകരയുടെ അങ്കത്തിന്റെ കലാശപ്പോരാട്ടം.
ലിവർപൂൾ, ആഴ്സനൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ, ടോട്ടൻഹാം ടീമുകളാണ് ഇംഗ്ലണ്ടിൽ നിന്നും മത്സരിക്കുന്നത്.
സ്പെയിൻ: റയൽ മഡ്രിഡ്, അത്‍ലറ്റികോ മഡ്രിഡ്, അത്‍ലറ്റിക് ബിൽബാവോ, ബാഴ്സലോണ,വിയ്യാ റയൽ.
ഇറ്റലി: ഇന്റർ മിലാൻ, അറ്റ്ലാന്റ, യുവന്റസ്, നാപോളി.
റയൽ, ആഴ്സനൽ, യുവന്റസ് കളത്തിൽ
ചാമ്പ്യൻസ് ലീഗിലെ ആദ്യ ദിനത്തിൽ മുൻചാമ്പ്യന്മാരായ റയൽ മഡ്രിഡ് ഉൾപ്പെടെ വമ്പന്മാർ കളത്തിലിറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി 10.15ന് ആഴ്സനലും അത്‍ലറ്റിക് ക്ലബും തമ്മിലാണ് ആദ്യ അങ്കം. ഇതേ സമയം, നെതർലൻഡ്സ് ക്ലബ് പി.എസ്.സ്‍യും ബെൽജിയത്തിന്റെ യൂണിയൻ സെയ്ന്റ് ജിലോയ്സും ഏറ്റുമുട്ടും.
യുവന്റസ് -ഡോർട്മുണ്ട് (12.30), ബെൻഫിക -ഗരബാക് (12.30), റയൽ മഡ്രിഡ് -മാഴ്സെ (12.30), ടോട്ടൻഹാം -വിയ്യ റയൽ (12.30) മത്സരങ്ങൾക്ക് ഇന്ന് പന്തുരുളും.
ശേഷിച്ച മത്സരങ്ങൾ ബുധൻ, വ്യാഴം ദിവസങ്ങളിലായി അരങ്ങേറും.
അയാക്സ് - ഇന്റർമിലാൻ (ബുധനാഴ്ച രാത്രി 10.30), ബയേൺ മ്യൂണിക് -ചെൽസി (രാത്രി 12.30), ലിവർപൂൾ -അത്‍ലറ്റിക് മഡ്രിഡ് (12.30), പി.എസ്.ജി - അറ്റ്ലാന്റ (12.30), മാഞ്ചസ്റ്റർ സിറ്റി -നാപോളി (വ്യാഴം രാത്രി 12.30), ബാഴ്സലോണ-ന്യുകാസിൽ (12.30)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

