നിറഞ്ഞാടി ലിവർപൂൾ; പ്രതിരോധം തകർന്ന റയൽ തോറ്റമ്പി
text_fieldsചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന്റെ വിജയ ഗോൾ നേടിയ മക് അലിസ്റ്റർ
ലണ്ടൻ: തുടർ തോൽവികളുടെ കണ്ണീർ തുടച്ച്, കരുത്തരായ റയൽ മഡ്രിഡിനെതിരെ ലിവർപൂളിന്റെ തകർപ്പൻ ജയം (1-0). സ്കോർ ബോർഡിൽ ഒരു ഗോൾ മാത്രമേ പിറന്നുള്ളൂവെങ്കിലും, അരഡസൻ അവസരമെങ്കിലും സൃഷ്ടിച്ചായിരുന്നു 15 തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയലിനെ ലിവർപൂൾ നിഷ്പ്രഭമാക്കിയത്.
കളിയുടെ 61ാം മിനിറ്റിൽ അർജന്റീന താരം മക് അലിസ്റ്ററുടെ ഏക ഹെഡ്ഡർ ഗോളായിരുന്നു കളിയുടെ വിധി നിർണയിച്ചത്. അതേസമയം, ഷോട്ടിലും ഗോൾ അവസരത്തിലുമെല്ലാം ലിവർപൂൾ ആക്രമണ ഫുട്ബാളിലൂടെ എതിരാളികളെ വിറപ്പിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമെല്ലാമായി ഒരു മാസത്തിനിടെ അഞ്ച് തോൽവികൾ വഴങ്ങി ആരാധകരുടെ പഴിയേറെ കേട്ട മുഹമ്മദ് സലാഹിനും കോച്ച് ആർനെ സ്ലോട്ടിനും ആൻഫീൽഡിൽ തലയുയർത്തി നെഞ്ചുവിരിച്ച് നിൽക്കാൻ മാത്രം കരുത്തുള്ള ജയമായിരുന്നു ബുധനാഴ്ച പുലർച്ചെ പിറന്നത്.
പന്തടക്കത്തിൽ റയലിനായിരുന്നു നേരിയ മുൻതൂക്കമെങ്കിലും സോബൊസ്‍ലായും, സലാഹും ഹ്യൂഗോ എകിടികെയും ചേർന്ന് റയലിന്റെ പ്രതിരോധ കോട്ടയിൽ അഴിഞ്ഞാടുന്ന കാഴ്ചയായിരുന്നു ആൻഫീൽഡിൽ. അടിച്ചു കൂട്ടിയ ഷോട്ടുകളിലും, ഒരുക്കിയ അവസരങ്ങളിലുമെല്ലാം ലിവർപൂൾ മുന്നിൽ നിന്നു. ഇതോടെ ഗോളെന്നുറപ്പിച്ച എട്ട് ഷോട്ടുകളാണ് ഗോൾകീപ്പർ തിബോ കർടുവ തടുത്തിട്ടത്.
കളിയുടെ ആദ്യ മിനിറ്റിൽ സൊബോസ്ലായുടെ ഗോളിലേക്കുള്ള കുതിപ്പിനെ ശരീരം മുഴുവൻ പ്രതിരോധകോട്ടയാക്കി കഷ്ടപ്പെട്ടാണ് തിബോ കർടുവ രക്ഷപ്പെടുത്തിയത്. ഈ മുന്നേറ്റതിനു പിന്നാലെ ലിവർപൂൾ കൂടുതൽ പ്രഹരശേഷി നേടി. ആദ്യ പകുതിയിൽ തന്നെ സലാഹും സൊബോസ്‍ലായും മിന്നുന്ന അവസരങ്ങൾ ഏറെ സൃഷ്ടിച്ചു.
47ാം മിനിറ്റിൽ പോയന്റ് ബ്ലാങ്കിൽ വെർജിൽ വാൻഡൈക് തൊടുത്ത ഹെഡ്ഡർ ഗോളി കർടുവ ഏറെ പാടുപെട്ടാണ് തട്ടിയകറ്റിയത്. തൊട്ടു പിന്നാലെ എകിടികെയുടെ അപകടകരമായ ഹെഡ്ഡറിലും ഗോളി രക്ഷയായി.
ഒടുവിൽ കാത്തിരുന്ന ഗോൾ പിറന്നു. നിരന്തരമായ ആക്രമണത്തിനൊടുവിൽ 61ാം മിനിറ്റിൽ സൊബോസ്ലായ് തൊടുത്ത ഫ്രീകിക്കിനെ, മക് അലിസ്റ്റർ ഉജ്വലമായ ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് വഴിതിരിച്ചപ്പോൾ അതുവരെ മതിൽ തീർത്ത തിബോ കർടുവയും നിസ്സഹായനായി.
കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, അർദ ഗുലർ, കാമവിംഗ, ചുവാമെനി എന്നിവർ അണിനിരന്ന ആരും കൊതിക്കുന്ന മുന്നേറ്റ നിര വെറും കാഴ്ചക്കാരായി കളത്തിൽ അലയുന്ന കാഴ്ചയായിരുന്നു ആൻഫീൽഡ് ബാക്കിയാക്കിയത്. വാൽവെർഡെയും, കരേറസും, എഡർ മിലിറ്റാവോയും അണിനിരന്ന പ്രതിരോധം തീർത്തും നിസ്സഹായരായി മാറി.
ഏറെ കാലം ആൻഫീൽഡിൽ ലിവർപൂളിന്റെ പ്രതിരോധതാരമായിരുന്നു ട്രെന്റ് അർനോൾഡ് അലക്സാണ്ടറിന് റയൽ ജഴ്സിയിൽ പഴയ ഹോംഗ്രൗണ്ടിലേക്കുള്ള തിരിച്ചുവരവിനും മത്സരം സാക്ഷിയായി. പകരക്കാരുടെ ബെഞ്ചിലായിരുന്നു അർനോൾഡ് 81ാം മിനിറ്റിലാണ് കളത്തിലിറങ്ങിയത്.
മറ്റു മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയെ ബയേൺ മ്യൂണിക് 2-1നും, ആഴ്സനൽ -സ്ലാവിയ പ്രാഹയെ 3-0ത്തിനും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

