
പ്രീമിയർ ലീഗ് വമ്പന്മാരുടെ കോയ്മ സമ്മതിച്ച് ചാമ്പ്യൻസ് ലീഗ്
text_fieldsപാരിസ്: പ്രീമിയർ ലീഗ് വമ്പന്മാരുടെ കോയ്മ സമ്മതിച്ച് യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് പോരാട്ടങ്ങൾ. ഇംഗ്ലീഷ് ലീഗിലെ അവശേഷിച്ച ടീം കൂടി നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്ത ദിനത്തിൽ മെസ്സി, നെയ്മർ, എംബാപ്പെ എന്നീ ഗ്ലാമർ നിരയുമായി ഇറങ്ങിയിട്ടും പി.എസ്.ജിക്ക് സിറ്റിക്കു മുന്നിൽ തോൽവി.
റയൽ മഡ്രിഡ്, സപോർടിങ് സി.പി, ഇൻറർ മിലാൻ ടീമുകളും വിജയത്തോടെ അവസാന 16ൽ ഇടമുറപ്പിച്ചു. ഗ്രൂപ്പിൽ രണ്ടാമന്മാരായി പി.എസ്.ജിയും അടുത്ത റൗണ്ടിലെത്തി.
ബുധനാഴ്ച രാത്രി ലോകം കാത്തിരുന്ന കാൽപന്തു പോരാട്ടത്തിൽ കളി മറന്ന് മൈതാനത്ത് ഉഴറിയ മെസ്സിയെയും നെയ്മറെയും നോക്കുകുത്തികളാക്കിയായിരുന്നു സിറ്റിയുടെ തേരോട്ടം. കിലിയൻ എംബാപ്പെ ആദ്യം ഗോളടിച്ച് പാരിസ് ടീമിനെ മുന്നിലെത്തിച്ചെങ്കിലും 13 മിനിറ്റു വ്യത്യാസത്തിൽ റഹീം സ്റ്റെർലിങ്ങും പിറകെ ഗബ്രിയേൽ ജീസസും നേടിയ മടക്ക ഗോളുകളിൽ കളി മാറുകയായിരുന്നു.
സ്വന്തം മൈതാനമായ ഇത്തിഹാദിൽ കളിയേറെയും നിയന്ത്രിച്ച സിറ്റിക്കു തന്നെയായിരുന്നു മേൽക്കൈ. വിജയത്തോടെ അഞ്ചു കളികളിൽ 12 പോയൻറുമായാണ് സിറ്റി നോക്കൗട്ട് ഉറപ്പിച്ചതെങ്കിൽ എട്ടുപോയൻറുള്ള പി.എസ്.ജി രണ്ടാമന്മാരായും കടന്നു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലൈപ്സിഷ് ഏകപക്ഷീയമായ നാലു ഗോളുകൾക്ക് ക്ലബ് ബ്രൂഗെയെ വീഴ്ത്തി. നാലു പോയൻറ് മാത്രമുള്ള ഇരു ടീമുകളും പുറത്താണ്.
ഗ്രൂപ് ബിയിൽ സമ്പൂർണ ജയമെന്ന് റെക്കോഡ് കാത്ത ലിവർപൂൾ ആധികാരികമായി പോർട്ടോയെ വീഴ്ത്തി. തിയാഗോയും മുഹമ്മദ് സലാഹും നേടിയ ഗോളുകളിലാണ് ചെമ്പട പോർച്ചുഗീസ് ടീമായ എഫ്.സി പോർട്ടോയെ ഏകപക്ഷീയമായി കടന്നത്. സ്കോർ 2-0. ഗ്രൂപ്പിൽ ഏറെ പിറകിലുള്ള പോർട്ടോ, എ.സി മിലാൻ, അറ്റ്ലറ്റികോ മഡ്രിഡ് ടീമുകൾക്ക് പ്രീ ക്വാർട്ടർ ബെർത്തിന് അടുത്ത മത്സരത്തിലെ ഫലം കാത്തിരിക്കണം.
ലാ ലിഗ അതികായരായ റയൽ മഡ്രിഡ് ഗ്രൂപ് ഡിയിൽ ജയവുമായി പ്രീ ക്വാർട്ടർ ഉറപ്പിച്ചു. മൾഡോവ ടീമായ ഷെറിഫ് ടിറാസ്പോളിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ടീം വീഴ്ത്തിയത്. അലാബ, ക്രൂസ്, ബെൻസേമ എന്നിവരാണ് സ്കോറർമാർ.