ചാമ്പ്യൻസ് ലീഗ്: സിറ്റിക്കും ബാഴ്സക്കും പി.എസ്.ജിക്കും ജയം
text_fieldsചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലൻഡ് ഗോൾ നേടുന്നു
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഗ്രൂപ് ഘട്ടത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും കരുത്തരായ ബാഴ്സലോണയും പി.എസ്.ജിയുമടക്കം പ്രമുഖ ടീമുകൾക്ക് ജയം. ഗ്രൂപ് ജിയിൽ സ്വിസ് ക്ലബായ യങ് ബോയ്സിനെ 3-1നാണ് സിറ്റി മറികടന്നത്. ലീഗിൽ അഞ്ച് മത്സരങ്ങൾക്ക് ശേഷം തിളങ്ങിയ എർലിങ് ഹാലൻഡ് ഇരട്ട ഗോൾ നേടി.
മാനുവൽ അക്കഞ്ചിയിലൂടെ 48ാം മിനിറ്റിൽ സിറ്റി ആദ്യ ഗോൾ നേടി. മെഷാക് എലിയയിലൂടെ നാല് മിനിറ്റിന് ശേഷം യങ് ബോയ്സ് സമനില പിടിച്ചെങ്കിലും ഹാലൻഡ് ഇരട്ടഗോളുമായി വിജയമുറപ്പിച്ചു. ഒമ്പത് പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് സിറ്റി.
തുടർച്ചയായി രണ്ട് തവണ ഗ്രൂപ് ഘട്ടത്തിൽ പുറത്തായ ബാഴ്സലോണ ഇത്തവണ കുതിപ്പ് തുടരുകയാണ്. ഷാക്തർ ഡോണസ്കിനെ 2-1നാണ് ബാഴ്സ ഗ്രൂപ് ജിയിൽ തോൽപിച്ചത്. ഫെറാൻ ടോറസും ഫെർമിൻ ലോപസുമാണ് സ്കോറർമാർ. ഗ്രൂപ് എഫിൽ എ.സി മിലാനെ 3-0ത്തിനാണ് പി.എസ്.ജി തോൽപിച്ചത്.
കിലിയൻ എംബാപ്പെ, കോളി മുവാനി, ലീ കാങ് ഇൻ എന്നിവരാണ് വലകുലുക്കിയത്. പോർട്ടോ 4-1ന് ആന്റ്വെർപിനെയും ബൊറൂസിയ ഡോട്മുണ്ട് 1-0ത്തിന് ന്യൂകാസിലിനെയും തോൽപിച്ചു. അത്ലറ്റികോ മഡ്രിഡ്-സെൽറ്റിക് മത്സരം സമനിലയിലായി.

