ചാമ്പ്യൻസ് ലീഗ്: ചെൽസി x ഡോർട്മുണ്ട് പോരാട്ടം ഇന്ന്
text_fieldsഡോർട്മുണ്ട്/ബ്രൂഗ്: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ബുധനാഴ്ച രണ്ടു നോക്കൗട്ട് മത്സരങ്ങൾ. പ്രീക്വാർട്ടർ ആദ്യ പാദത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട് ഇംഗ്ലീഷ് ടീം ചെൽസിയെയും ബെൽജിയൻ ടീം ക്ലബ് ബ്രൂഗ് പോർചുഗലിൽനിന്നുള്ള ബെൻഫികയെയും നേരിടും.
ഡോർട്മുണ്ടിന്റെ മൈതാനമായ സിഗ്നൽ ഇഡുന പാർക്കിലാണ് ചെൽസിയുമായുള്ള മത്സരം. ബുണ്ടസ് ലിഗയിൽ മൂന്നാം സ്ഥാനത്തുള്ള ടീമാണ് ഡോർട്മുണ്ട്. തരക്കേടില്ലാത്ത ഫോമിലാണ് എഡിൻ ടെർസിചിന്റെ ടീം. അതേസമയം, ചെൽസിയുടെ അവസ്ഥ ദയനീയമാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പത്താമതാണ് ഗ്രഹാം പോട്ടറുടെ സംഘം. നിലവിലെ ഫോമിൽ അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന കാര്യം കഷ്ടം. പ്രീമിയർ ലീഗിൽ അവസാന അഞ്ചു കളികളിൽ ഒന്നു മാത്രമാണ് ചെൽസി ജയിച്ചത്. ഒട്ടേറെ പുതുമുഖ താരങ്ങൾ എത്തിയെങ്കിലും കളത്തിൽ കാര്യമായ ഒത്തിണക്കം വന്നിട്ടില്ല ടീമിന്.
റെക്കോഡ് തുകക്ക് ടീമിലെത്തിയ ലോകകപ്പ് ഹീറോ എൻസോ ഫെർണാണ്ടസടക്കമുള്ള പുതുതാരങ്ങളുടെ കരുത്തിൽ ഡോർട്മുണ്ടിനെ തോൽപിക്കാമെന്ന കണക്കുകൂട്ടലിലാണ് ചെൽസി. മറുവശത്ത് എർലിങ് ഹാലൻഡിനെ പോലുള്ള ലോകോത്തര സ്ട്രൈക്കറുടെ വിടവ് നികത്താനായിട്ടില്ലെങ്കിലും യുവപ്രതിഭകളുടെ അക്ഷയഖനിയായ ഡോർട്മുണ്ടിനെ എഴുതിത്തള്ളാനാവില്ല.
ബെൽജിയം പ്രോ ലീഗിൽ നാലാം സ്ഥാനത്താണ് ക്ലബ് ബ്രൂഗ്. അവരുടെ ജാൻ ബ്രെയ്ഡൽ സ്റ്റേഡിയത്തിലാണ് കളി. ലിഗ പോർചുഗലിൽ ഒന്നാം സ്ഥാനത്താണ് ബെൻഫിക. ലീഗിൽ അവസാന നാലു കളികളും ജയിച്ചാണ് അവരുടെ വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.