കാരിക്കിന്‍റെ യുനൈറ്റഡിന് ആദ്യ തോൽവി; ചെൽസിക്കും ആഴ്സനലിനും ജയം; സിറ്റിക്ക് സമനില
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ അപരാജിത കുതിപ്പിന് തടയിട്ട് ന്യൂകാസിൽ യുനൈറ്റഡ്. മത്സരത്തിന്‍റെ പകുതിയിലധികം സമയവും പത്തുപേരുമായി പൊരുതിയാണ് ന്യൂകാസിൽ സ്വന്തം ആരാധകർക്കു മുന്നിൽ അവസാന മിനിറ്റിലെ ഗോളിൽ 2-1 എന്ന സ്കോറിന് വിജയം കൈപ്പിടിയിലൊതുക്കിയത്.
മൈക്കൽ കാരിക്ക് പരിശീലക ചുമതലയേറ്റെടുത്തശേഷം യുനൈറ്റഡിന്‍റെ ആദ്യ തോൽവിയാണിത്. പോയന്‍റ് പട്ടികയിൽ ആദ്യ നാലിൽ നില ഭദ്രമാക്കാനുള്ള അവസരം കൂടിയാണ് മാഞ്ചസ്റ്റർ നഷ്ടപ്പെടുത്തിയത്. ആന്‍റണി ഗോർഡൻ (45+6, പെനാൽറ്റി), പകരക്കാൻ വില്യം ഒസൂല (90) എന്നിവരാണ് ന്യൂകാസിലിനായി വലകുലുക്കിയത്. ബ്രസീൽ താരം കാസെമിറോയാണ് യുനൈറ്റഡിനായി ആശ്വാസ ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ജേക്കബ് റാംസെ രണ്ടാം മഞ്ഞ കാർഡ് വാങ്ങി പുറത്തുപോയതോടെ പത്തുപേരുമായാണ് ബാക്കിയുള്ള സമയം ന്യൂകാസിൽ പൊരുതിയത്.
തൊട്ടുപിന്നാലെ ബോക്സിനുള്ളിൽ ഗോർഡനെ, ബ്രൂണോ ഫെർണാണ്ടസ് വീഴ്ത്തിയതിന് റഫറി ന്യൂകാസിലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റാംസെ പന്ത് അനായാസം വലയിലാക്കി (45+6). ന്യൂകാസിലിന്‍റെ ഗോളാഘോഷത്തിന് അധിക ആയുസ്സുണ്ടായില്ല. ഇൻജുറി ടൈമിന്‍റെ ഒമ്പതാം മിനിറ്റിൽ കാസെമിറോയിലൂടെ മാഞ്ചസ്റ്റർ ഒപ്പമെത്തി. ബ്രൂണോ ഫെർണാണ്ടസിന്‍റെ ഫ്രീകിക്കിന് ബ്രസീൽ താരം തലവെക്കുകയായിരുന്നു. ലെനി യോറോ, ജോഷ്വ സിർക്സീ എന്നിവർ ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ ആരോൺ റാംസ്ഡലെ ന്യൂകാസിലിന്‍റെ രക്ഷകനായി.
ഒടുവിൽ മാഞ്ചസ്റ്ററിന്‍റെ നെഞ്ചു തകർത്ത് 90ാം മിനിറ്റിൽ സൂല ഒരു മനോഹര ഗോളിലൂടെ ന്യൂകാസിലിന് വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ ന്യൂകാസിൽ 12ാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും മാഞ്ചസ്റ്റർ മൂന്നാം സ്ഥാനത്തു തന്നെയാണ്. മറ്റൊരു മത്സരത്തിൽ ബ്രൈറ്റണെ മറുപടിയില്ലാത്ത ഒരു ഗോളിന് ആഴ്സനൽ വീഴ്ത്തി ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി. ഒമ്പതാം മിനിറ്റിൽ ബുകായോ സാകയാണ് ടീമിന്‍റെ വിജയ ഗോൾ നേടിയത്. മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയിൽ തളച്ചത് ആഴ്സനലിന്‍റെ കിരീട മോഹങ്ങൾ വർധിപ്പിച്ചു.
എത്തിഹാദ് സ്റ്റേഡിയത്തിൽ 2-2 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. അന്‍റോയിൻ സെമെന്യോ (31), റോഡ്രി (62) എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. ഗിബ്സ് വൈറ്റ് (56), എല്ലിയറ്റ് ആൻഡേഴ്സൺ (76) എന്നിവർ നോട്ടിങ്ഹാമിനായി വലകുലുക്കി. തകർപ്പൻ ജയവുമായി ചെൽസി, ലിവർപൂളിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി. ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് നീലപ്പട നിലംപരിശാക്കിയത്. ബ്രസീൽ താരം ജാവോ പെഡ്രോ ചെൽസിക്കായി ഹാട്രിക്ക് നേടി. 35, 45+6, 64 മിനിറ്റുകളിലായിരുന്നു ഗോളുകൾ. കോൾ പാമാറിന്‍റെ വകയാണ് (55) മറ്റൊരു ഗോൾ. ഡോഗ്ലസ് ലൂയിസാണ് (രണ്ടാം മിനിറ്റ്) വില്ലയുടെ ആശ്വാസ ഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

