Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആഫ്രിക്കയിലെ അഭയാർഥി...

ആഫ്രിക്കയിലെ അഭയാർഥി ക്യാമ്പിൽനിന്ന് കാനഡയുടെ കിരീട സ്വപ്നങ്ങളുമായി അവൻ വരുന്നു; ചരിത്രം വഴിമാറുമോ?

text_fields
bookmark_border
ആഫ്രിക്കയിലെ അഭയാർഥി ക്യാമ്പിൽനിന്ന് കാനഡയുടെ കിരീട സ്വപ്നങ്ങളുമായി അവൻ വരുന്നു; ചരിത്രം വഴിമാറുമോ?
cancel

ഒട്ടാവ: അരച്ചാൺ വയറും ഇത്തിരി മനസ്സുഖവും കൊതിയോടെ കാത്തിരുന്ന അഭയാർഥി ക്യാമ്പിലായിരുന്നു കുഞ്ഞുനാളിൽ അവനന്ന്. തലവര മാറ്റിക്കുറിച്ച് അഞ്ചാം വയസ്സിൽ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ ക്യാമ്പിൽനിന്ന് അവനെയും കൂട്ടി മാതാപിതാക്കൾ കാനഡയിലേക്ക് കടന്നതാണ്. കാലിൽ പന്തുകൊരുത്ത് അന്ന് തുടക്കമിട്ട അവന്റെ യാത്രകൾ പുതിയ ഉയരങ്ങൾ കുറിച്ച് ഇപ്പോഴും തുടരുന്നു.

പ്രായം 22ൽ നിൽക്കുന്ന അൽഫോൺസോ ഡേവിസാണ് താരം. 16ാം വയസ്സിൽ ദേശീയ സീനിയർ ടീമംഗമായവൻ. വറ്റാത്ത പ്രതിഭയുമായി യൂറോപിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ ബയേൺ മ്യൂണിക്കിന്റെ പ്രതിരോധം കാക്കുന്ന ഇടതു ബാക്ക്. നാലു പതിറ്റാണ്ടിനിടെ ആദ്യമായി കാനഡയെ ലോക സോക്കർ ചാമ്പ്യൻഷിപ്പിലേക്ക് വഴി നടത്തിയവൻ. കാനഡയിൽനിന്ന് ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻപട്ടം മാറോടു ചേർത്ത റെക്കോഡിനുടമ.

കാനഡയിലെ മഞ്ഞുപുതച്ച എഡ്മണ്ടൺ പട്ടണത്തിലുള്ള പ്രാഥമിക വിദ്യാലയത്തിൽ നിന്ന് പന്തുതട്ടിത്തുടങ്ങിയ താരം കാനഡ ടീമംഗമായി ഖത്തറിലെത്തുമ്പോൾ മോഹങ്ങളേറെയാണ്. പുറത്തെ കണക്കുകൂട്ടലുകളിൽ കാനഡ എവിടെയുമില്ലെങ്കിലും ഡേവിസിന് വലിയ മോഹങ്ങളുണ്ട്. അത്യപൂർവ പ്രതിഭാസ്പർശം ചെറുപ്പം മുതൽ കാലിൽ ആവാഹിച്ച താരത്തിന്റെ മികവിൽ ചിലതു നേടാനാകുമെന്ന് രാജ്യവും കണക്കുകൂട്ടുന്നു.

''ഞാൻ ഫുട്ബാൾ കളിച്ചുതുടങ്ങിയ​ തുടക്കം മുതൽ മാതാപിതാക്കളും അധ്യാപകരും പരിശീലകരും ഒരുപോലെ എന്നോട് കളി തുടരാൻ പറഞ്ഞുകൊണ്ടിരുന്നു. അതോടെയാണ് ഒരു പ്രഫഷനൽ കളിക്കാരനാകാമെന്ന് ഞാൻ മനസ്സിലാക്കിയത്''- ഡേവിസ് പറയുന്നു. 14ാം വയസ്സിൽ മുൻനിര ടീമുകളുടെ നോട്ടപ്പുള്ളിയായി മാറിയ താരം 2018ൽ 2.2 ​കോടി ഡോളറിന് ബയേണിലെത്തി. കാനഡ ലീഗിൽനിന്ന് ഇത്രയും ഉയർന്ന തുകക്ക് ട്രാൻസ്ഫർ വാങ്ങുന്ന ആദ്യ താരമായിരുന്നു ഡേവിസ്. 2020ൽ ഫിഫ്പ്രോ ലോക ഇലവനിലും ആദ്യ കനേഡിയനായി ഡേവിസ് എത്തി. ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ പാനമക്കെതിരെ 4-1ന് കാനഡ ജയം കുറിക്കുമ്പോൾ മുന്നിൽ ഡേവിസുമുണ്ടായിരുന്നു. വിങ്ങിലൂടെ 80 വാര ഓടി കുമ്മായവര കടക്കാൻ കാത്തുനിന്ന പന്ത് കാലിലെടുത്ത് ഓടി അന്നു നേടിയ കണ്ണഞ്ചും ഗോൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ആ ഗോളിലായിരുന്നു കാനഡ ലീഡ് പിടിച്ചതും പിന്നീട് വൻജയം പിടിച്ചതും.

സമാന പ്രകടനങ്ങളുമായി വീണ്ടും ടീമിനെ തുണക്കാൻ ഡേവിസുണ്ടാകുമെന്നാണ് കാനഡക്കാരുടെ സ്വപ്നങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Canada's Alphonso Davies goes from refugee camp to World Cup
Next Story