ബഹിഷ്കരണ ഭീഷണിയിൽ ഫുട്ബാൾ ലോകകപ്പ്; ട്രംപിന്‍റെ ഗ്രീൻലാൻഡ്, തീരുവ പ്രഖ്യാപനങ്ങളിൽ വെട്ടിലായി ഫിഫ
text_fieldsന്യൂയോർക്ക്: അഞ്ചുമാസം മാത്രം അകലെ നിൽക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പിന് ഭീഷണിയായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ‘എടുത്തുചാട്ടം’. ഗ്രീൻലാൻഡ് ദ്വീപ് ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ നീക്കമാണ് അന്താരാഷ്ട്ര ഫുട്ബാൾ ഭരണസമിതിയായ ഫിഫയെ വെട്ടിലാക്കിയത്. ട്രംപിന്‍റെ നീക്കത്തെ എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പ്രത്യേക തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
പിന്നാലെ ലോകകപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ഈ രാജ്യങ്ങളിൽ ശക്തമായി. 2026ൽ യു.എസ്, കനഡ, മെക്സികോ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഇതിനകം ടിക്കറ്റുകൾ കാൻസൽ ചെയ്തത്. യു.എസിലെ മത്സരങ്ങൾ കാണാൻ ടിക്കറ്റ് എടുത്തവർ അവ റദ്ദാക്കണമെന്ന് ആഹ്വാനത്തിന് സമൂഹമാധ്യമങ്ങളിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്. വിഷയത്തിൽ ഫിഫ കഴിഞ്ഞദിവസം അടിയന്തര യോഗവും ചേർന്നിരുന്നു.
പിന്നാലെയാണ് ട്രംപിന്‍റെ ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്ന ഭീഷണിയും. ഗ്രീൻലാൻഡ് അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപ് പറയുന്നത്. നയതന്ത്രപരമായി ദ്വീപ് വാങ്ങാൻ സാധിച്ചില്ലെങ്കിൽ കടുത്ത രീതിയിൽ ഇടപെടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡെന്മാർക്കിന്‍റെ നിയന്ത്രണത്തിലുള്ള സ്വയംഭരണാധികാരമുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്. കഴിഞ്ഞയാഴ്ച യു.കെയിലെ ലേബർ പാർട്ടി, ലിബറൽ ഡെമോക്രാറ്റ്സ്, ഗ്രീൻ പാർട്ടി എന്നിവയിൽപെട്ട 23 എം.പിമാർ യു.എസിനെ ഫിഫ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായിക സിമിതികളിൽനിന്ന് വിലക്കണമെന്നും ലോകകപ്പ് ബഹിഷ്കരിക്കണമെന്നുമ ആവശ്യപ്പെട്ട് പാർലമെന്‍റിൽ പ്രയേമം അവതരിപ്പിച്ചിരുന്നു.
ലോകകപ്പ് കളിക്കുന്ന യൂറോപ്യൻ രാജ്യങ്ങളായ ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ജർമനി, പോർചുഗൽ, നെതർലൻഡ്സ്, നോർവേ, ഇറ്റലി ടീമുകൾ ലോകകപ്പിൽനിന്ന് വിട്ടുനിൽക്കണമെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രപ്രവർത്തകൻ പിയേഴ്സ് മോർഗാൻ ആവശ്യപ്പെട്ടു. കൂടാതെ, ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിസ വിലക്കിലും പ്രതിഷേധം ശക്തമാകുകയാണ്. ഇറാൻ, ഹെയ്തി ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് പൂർണ വിസ വിലക്കുള്ളത്. സെനഗാൾ, ഐവറി കോസ്റ്റ്, ബ്രസീൽ, കൊളംബിയ, ഈജിപ്ത്, ഘാന, ജോർദാൻ, മൊറോക്കോ, യുറുഗ്വായ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഭാഗികമായി വിസ വിലക്കുണ്ട്.
അതേസമയം, ട്രംപിന്റെ ഭീഷണിയുടെ പേരിൽ ലോകകപ്പ് ബഹിഷ്‌കരിക്കുന്നതിന് ഫ്രഞ്ച് സർക്കാർ നിലവിൽ അനുകൂലമല്ലെന്ന് കായിക മന്ത്രി പ്രതികരിച്ചു. വിവിധ പ്രതിപക്ഷ പാർട്ടികൾ ലോകകപ്പ് ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും ബഹിഷ്കരണ ആഹ്വാനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 2026 ജൂൺ 11ന് തുടങ്ങി ജൂലൈ 19ന് അവസാനിക്കുന്ന ലോകകപ്പിൽ ഇക്കുറി 104 മത്സരങ്ങളാണുള്ളത്. ഇതിൽ 78 മത്സരങ്ങളും യു.എസിലാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
യു.എസിലെ ആഭ്യന്തര പ്രശ്നങ്ങൾക്കു പുറമെ, യു.എസുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ ഉയർന്ന നിരവധി വിവാദങ്ങളും ടിക്കറ്റ് റദ്ദാക്കുന്നതിനും ലോകകപ്പ് ബഹിഷ്കരണത്തിനും ആളുകളെ പ്രേരിപ്പിക്കുകയാണ്. ട്രംപ് ഭരണത്തിനു കീഴിലെ സുരക്ഷാ ആശങ്കകൾ, രാഷ്ട്രീയ പ്രതിഷേധങ്ങൾ, മനുഷ്യാവകാശ പ്രശ്നങ്ങൾ എന്നിവയാണ് കാൻസൽ ചെയ്യാനുള്ള കാരണമായി മിക്കവരും ചൂണ്ടിക്കാട്ടുന്നത്. #BoycottWorldCup എന്ന ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

