120ാം മിനിറ്റിൽ കിരീട ഗോൾ; ഇറാനെ വീഴ്ത്തി കാഫ കപ്പിൽ ഉസ്ബെക് മുത്തം
text_fieldsകാഫ നാഷൻസ് കപ്പ് കിരീടവുമായി ഉസ്ബെകിസ്താൻ ടീം
ഹിസോർ: ഏഷ്യൻഫുട്ബാളിലെ പവർഹൗസായ ഇറാനെ എക്സ്ട്രാടൈമിന്റെ അവസാന മിനിറ്റിൽ പിറന്ന ഗോളിൽ വീഴ്ത്തി കാഫ നാഷൻസ് കപ്പിൽ ഉസ്ബെകിസ്താന്റെ മുത്തം.
വൻകരയുടെ ഫുട്ബാളിലെ പ്രതാപികളായ ഇറാനും, യുവനിരയുമായി കരുത്തറിയിച്ച് കുതിക്കുന്ന ഉസ്ബെകിസ്താനും തമ്മിലെ മത്സരമെന്ന നിലയിൽ ശ്രദ്ധേയമായിരുന്നു താഷ്‍കന്റ് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന കിരീടപോരാട്ടം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിതമായി പിരിഞ്ഞതോടെയാണ് അധിക സമയത്തേക്ക് നീങ്ങിയത്. അവിടെയും ഗോളില്ലാതെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എന്നുറപ്പിച്ച്, ഇരു ടീമുകളും സബ്സ്റ്റിറ്റ്യൂഷൻ സജീവമാക്കിയപ്പോൾ ഉസ്ബെകിസ്താന്റെ വിജയ ഗോൾ പിറന്നു.
120ാം മിനിറ്റിൽ ഇറാൻ ഗോൾമുഖത്തേക്ക് എത്തിയ പന്തിനെ ഖമറലീവ് നൽകിയ ലോങ് ക്രോസിൽ കിടിലൻ ഹെഡ്ഡറിലൂടെ വലയിലാക്കി ഖോസിയാക്ബർ അലിസൊനോവ് ഉസ്ബെകിന് വിജയവും കിരീടവും സമ്മാനിച്ച ഗോൾ നൽകി. ഇരു നിരയും മികച്ച പ്രകടനവുമായി കളം വാണ മത്സരത്തിൽ, അവസാന മിനിറ്റിൽ പ്രതിരോധം നഷ്ടമായ ഇറാന് കനത്ത തിരിച്ചടിയായി മാറി. കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ പ്രതിരോധ താരം ആര്യ യൂസഫി ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്തിലേക്ക് ചുരുങ്ങിയത് ഇറാന്റെ ആക്രമണത്തിന്റെ മൂർച്ച കുറച്ചു.
തുടർച്ചയായ രണ്ടാം കിരീടമെന്ന ഇറാന്റെ സ്വപ്നം തകർത്തുകൊണ്ടാണ് ഉസ്ബെക് ‘സെൻട്രൽ ഏഷ്യൻ ഫുട്ബാൾ അസോസിയേഷൻ (കാഫ) കിരീടത്തിൽ മുത്തമിടുന്നത്. 2023ലെ പ്രഥമ ചാമ്പ്യൻഷിപ്പിൽ ഇറാനായിരുന്നു ജേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

