ബ്രസീൽ താരങ്ങളെ 'ഓട്ടോയിലാക്കി' മുഹമ്മദാലി
text_fieldsമുഹമ്മദാലി ഓട്ടോറിക്ഷക്കൊപ്പം
കോട്ടക്കൽ: ലോകകപ്പ് ആവേശത്തോടനുബന്ധിച്ച് സ്വന്തം താരങ്ങളെ 'ഓട്ടോറിക്ഷയിൽ' കയറ്റി നാടുചുറ്റാനിറങ്ങുകയാണ് കടുത്ത ബ്രസീൽ ആരാധകനായ കപ്പേക്കാടൻ മുഹമ്മദലി. നെയ്മർ അടക്കമുള്ള താരങ്ങളുടെ ചിത്രങ്ങളടക്കം പതിച്ച് പെയിൻറുമടിച്ചതോടെ മൊത്തത്തിൽ 'കളറായ' ഓട്ടോ ബുധനാഴ്ച നിരത്തിലെത്തും. ഇഷ്ട ടീമിന്റെ പതാകയുടെ നിറങ്ങളായ പച്ചയും മഞ്ഞയും നീലയും ഉൾപ്പെടുത്തിയാണ് ഓട്ടോയുടെ മുകൾ ഭാഗം ഒരുക്കിയിട്ടുള്ളത്. വിവിധ വശങ്ങളിൽ ഘടിപ്പിച്ച സ്റ്റീൽ പ്ലെയിറ്റുകളിലാണ് മെക്കാനിക്ക് കൂടിയായ മുഹമ്മദലിയുടെ കരവിരുതുകളുള്ളത്.
കണ്ടുകഴിഞ്ഞാൽ വൈദ്യുതിയിൽ ഓടുന്ന പുതിയ ഓട്ടോറിക്ഷയാണെന്ന് തോന്നും. അത്തരം ഓട്ടോ ഒരുമാസത്തേക്ക് കിട്ടുമോയെന്ന് അന്വേഷിച്ചു പരാജയപ്പെട്ട ശേഷമാണ് സ്വന്തം ഓട്ടോയിൽ പണിതുടങ്ങിയത്. ഇതുവരെ ചെലവായത് പതിനായിരത്തിലധികം രൂപ.
കളിയാവേശം കഴിഞ്ഞാൽ ഓട്ടോ പഴയ രൂപത്തിലാക്കണം. അതിനും ചെലവേറെ. ഓരോ ലോകകപ്പിനും വ്യത്യസ്ത ആശയങ്ങളുമായാണ് മുഹമ്മദലി എത്തുക. 2018ൽ കാൽ ലക്ഷം രൂപ ചെലവാക്കി പ്രീമിയർ മോഡൽ കാറാണ് ബ്രസീലിന്റെ പതാകയുടെ നിറമാക്കി മാറ്റിയത്. നെയ്മമർ ഉൾപ്പെടെയുള്ളവരുടെ സ്റ്റിക്കറും പതിപ്പിച്ചു. ഇതോടെ അർജന്റീന ആരാധകരും അന്ന് രംഗത്തെത്തി. 25,000 രൂപ ചെലവഴിച്ച് മാരുതി കാർ അർജന്റീനയുടേതാക്കിയാണ് അന്ന് മത്സരം സമനിലയിലാക്കിയത്.
2010ൽ ആരംഭിച്ചതാണ് ഈ ആവേശം. തുച്ഛവരുമാനത്തിൽ കഴിയുന്ന മുഹമ്മദലിക്ക് ഖത്തറിൽ നടക്കുന്ന സ്വന്തം ടീമിന്റെ ഒരുകളിയെങ്കിലും നേരിട്ട് കാണണമെന്നാഗ്രഹമുണ്ട്. എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല.