Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപനാമയെ ഗോൾമഴയിൽ മുക്കി...

പനാമയെ ഗോൾമഴയിൽ മുക്കി ബ്രസീൽ

text_fields
bookmark_border
പനാമയെ ഗോൾമഴയിൽ മുക്കി ബ്രസീൽ
cancel
camera_alt

പനാമക്കെതിരെ ഗോൾ നേടിയ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ആഹ്ലാദ പ്രകടനം 

റിയോ ഡി ജനീറോ: 2026 ലോകകപ്പ് മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ പനാമയെ തകർത്തെറിഞ്ഞ് ബ്രസീൽ. വിഖ്യാതമായ മറക്കാന സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ബ്രസീൽ പനാമയെ തരിപ്പണമാക്കിയത്. ആക്രമണ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും പുറത്തെടുത്ത മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്താൻ അഞ്ച് തവണത്തെ ലോക ചാമ്പ്യന്മാർക്ക് സാധിച്ചു.

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീൽ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. ബോക്സിനുള്ളിലെ മികച്ച നീക്കത്തിനൊടുവിൽ മനോഹരമായ ഫിനിഷിംഗിലൂടെയാണ് വിനീഷ്യസ് വലകുലുക്കിയത്. എന്നാൽ പത്താം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് പനാമ സമനില പിടിച്ചു. പനാമ താരം മൈക്കൽ മുറില്ലോ എടുത്ത ഫ്രീകിക്ക് ബ്രസീലിന്റെ മാറ്റിയൂസ് കുൻഹയുടെ ശരീരത്തിൽ തട്ടി ദിശമാറി സ്വന്തം വലയിലേക്ക് തന്നെ വീഴുകയായിരുന്നു.

സമനില ഗോൾ വഴങ്ങിയെങ്കിലും ഒട്ടും പതറാതെ ബ്രസീൽ പനാമ പ്രതിരോധത്തിലേക്ക് നിരന്തരം ഇരച്ചുകയറി. 38-ാം മിനിറ്റിൽ കാസെമിറോ നേടിയ ഹെഡ്ഡർ ഗോളിലൂടെ ബ്രസീൽ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു (2-1).

രണ്ടാം പകുതിയിൽ പത്ത് മാറ്റങ്ങളുമായാണ് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ടീമിനെ ഇറക്കിയത്. സെന്റർ ബാക്ക് ലിയോ പെരേരയെ ഒഴിച്ചുനിർത്തി ബാക്കി എല്ലാ കളിക്കാരെയും പരിശീലകൻ മാറ്റിപ്പരീക്ഷിച്ചെങ്കിലും ബ്രസീലിന്റെ ആക്രമണത്തിന്റെ മൂർച്ച ഒട്ടും കുറഞ്ഞില്ല. 52-ാം മിനിറ്റിൽ പനാമ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് റായൻ ബ്രസീലിന്റെ മൂന്നാം ഗോൾ നേടി. 59-ാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റയും 62-ാം മിനിറ്റിൽ ഇഗോർ തിയാഗോയും ലക്ഷ്യം കണ്ടതോടെ ബ്രസീലിന്റെ ലീഡ് 5-1 ആയി ഉയർന്നു.

80-ാം മിനിറ്റിൽ മനോഹരമായ ഒരു മുന്നേറ്റത്തിനൊടുവിൽ ഡാനിലോ ബ്രസീലിന്റെ ആറാം ഗോളും കുറിച്ചു. 83-ാം മിനിറ്റിൽ കാർലോസ് ഹാർവിയിലൂടെ പനാമ തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തിയെങ്കിലും ബ്രസീലിന്റെ കൂറ്റൻ വിജയത്തിന് അത് തടസ്സമായില്ല. ലോകകപ്പിന് മുന്നോടിയായി സ്വന്തം മണ്ണിൽ ബ്രസീൽ കളിക്കുന്ന അവസാന മത്സരമായിരുന്നു ഇത്. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് ഈജിപ്തുമായി ഒരു സൗഹൃദ മത്സരം കൂടി ബ്രസീലിനുണ്ട്. മികച്ച ഫോമും താരസമ്പന്നമായ സ്ക്വാഡുമുള്ള ബ്രസീൽ ഇത്തവണയും ലോകകപ്പ് കിരീടത്തിനായുള്ള മുൻനിര പോരാളികളാണെന്ന് തെളിയിക്കുന്നതായിരുന്നു മറക്കാനയിലെ ഈ പ്രകടനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carlo ancelottiRio de JaneiroVINICIUS JRPanamabrazilInternational friendly
News Summary - Brazil warm up for FIFA World Cup with crushing 6-2 win over Panama in friendly
Next Story