കോപ അമേരിക്ക ബ്രസീലിൽ അരങ്ങേറും; അർജൻറീനയെയും കൊളംബിയയെയും ഒഴിവാക്കി
text_fieldsകോപ്പ അമേരിക്കക്ക് ആതിഥേയത്വമൊരുക്കുന്നതിൽ അർജൻറീനയും കൊളംബിയയും പരാജയപ്പെട്ടതോടെ ടൂർണമെൻറ് ബ്രസീലിൽ നടക്കുമെന്ന് തെക്കേ അമേരിക്കൻ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. കിക്കോഫിന് വെറും 13 ദിവസം മാത്രം ബാക്കി നിൽക്കേ ഇന്ന് അർജൻറീനയെ കോപ അമേരിക്ക ആതിഥേയത്വത്തിൽ നിന്ന് നീക്കിയതോടെ ടൂർണമെൻറ് പ്രതിസന്ധിയിലായിരുന്നു.
കോവിഡ് 19 വ്യാപനം രുക്ഷമായ സാഹചര്യത്തിലാണ് ദക്ഷിണ അമേരിക്കൻ ഫുട്ബാൾ കോൺഫഡറേഷൻ (കോൺമബോൾ) ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ജൂൺ 13 മുതൽ ജൂലൈ 10 വരെയായി അർജൻറീനയും കൊളംബിയയുമായിരുന്നു ടൂർണമെൻറിെൻറ സംയുക്ത ആതിഥേയർ. എന്നാൽ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൊളംബിയയെ മേയ് 20ന് തന്നെ ടൂർണമെൻറിെൻറ ആതിഥേയത്വത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
വേദികളും ഷെഡ്യൂളുകളും വരും മണിക്കൂറുകളിൽ ഫുട്ബാൾ ഫെഡറേഷൻ അറിയിക്കും. ടൂർണമെൻറിനുള്ള 10 ടീമുകൾ അവരുടെ പരിശീലനങ്ങൾ ആരംഭിച്ചിരുന്നു. പ്രതിദിനം 34000ത്തിലധികം കോവിഡ് കേസുകളാണ് അർജൻറീനയിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേസുകളിൽ 54 ശതമാനമാണ് വർധന. കോവിഡ് വ്യപനത്തിെൻറ അടിസ്ഥാനത്തിൽ രാജ്യം ലോക്ഡൗണിലാണ്.യൂറോ കപ്പ് പോെല തന്നെ കോപ അമേരിക്കയും 2020ലായിരുന്നു നടത്താൻ നിശ്ചയിച്ചത്. എന്നാൽ കോവിഡ് ബാധ മൂലം മാറ്റിവെക്കുകയായിരുന്നു.

