ബ്രസീസലിയ: വ്യാജ പാസ്പോർട്ടുമായി പരാഗ്വായിൽ അറസ്റ്റിലായ മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞ്യോക്കെതിരായ നിയമ നടപടികൾ പരാഗ്വായ് കോടതി അവസാനിപ്പിച്ചു.
ഫുട്ബോൾ ഇതിഹാസതാരത്തിൻെറ നിയമ സഹായ സമിതിയുടെ ഉപാധികൾ പരാഗ്വായ് നിയമവകുപ്പ് അംഗീകരിച്ചതോടെയാണ് നിയമക്കുരുക്ക് അവസാനിച്ചത്. ഇതനുസരിച്ചു റൊണാൾഡീഞ്ഞ്യോക്കു 90000 യൂറോയും സഹോദരൻ റോബർട്ടോ 110000 യൂറോയും പിഴ അടക്കണം.
നിയമ സാധുത ഇല്ലാത്ത യാത്രാ രേഖകൾ ആണ് ലഭിച്ചതെന്നു അറിയാതെയാണ് താൻ സഞ്ചരിച്ചത് എന്ന റൊണാൾഡോനിഞ്ഞ്യോയുടെ വാദം അംഗീകരിക്കപ്പെടുകയായിരുന്നു. എന്നാൽ, സഹോദരൻ റോബർട്ടോയുടെ പേരിൽ ക്രിമിനൽ നടപടികൾ നില നിൽക്കുകയും ബ്രസീലിൽ അത് തുടരുകയും ചെയ്യും.
സഹോദരൻെറ പേരിലുള്ള നിയമ നടപടികൾ തുടരുന്നതിനാൽ അദ്ദേഹത്തിന് രണ്ടു വർഷത്തേക്ക് ബ്രസീലിനു പുറത്തേക്കു പോകുവാൻ അനുവാദം ഉണ്ടായിരിക്കില്ല. ഇതു കൂടാതെ ഇരുവരും രണ്ടുമാസത്തിൽ ഒരിക്കൽ ബ്രസീൽ കോടതിയിലെ ഒരു ന്യായാധിപൻെറ മുന്നിൽ റിപ്പോർട്ട് ചെയ്യുകയും വേണം.
നിയമ സാധുത ഇല്ലാത്ത യാത്രാരേഖകളുമായി ഒരു ചടങ്ങിൽ പങ്കെടുക്കാൻ പരാഗ്വായ് അതിർത്തി കടന്നതിനു പിടിക്കപ്പെട്ടതോടെയാണ് ബ്രസീലിയൻ ഇതിഹാസ താരവും സഹോദരനും കരുക്കിലായത്. 32 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഏപ്രിൽ മാസം മുതൽ പരാഗ്വേയുടെ തലസ്ഥാനമായ അസൗൻ സിയോണിലെ ഒരു ആഡംബര ഹോട്ടലിൽ വീട്ടു തടങ്കലിലായിരുന്നു.