ലോകകപ്പോടെ ഈ ബ്രസീലുകാരൻ സൂപ്പര്‍താരമാകും! മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിലയിട്ടു, പോരെന്ന് അയാക്‌സ്!
text_fieldsഫുട്‌ബാളില്‍ ലോകകപ്പ് സീസണാണിത്. നവംബറില്‍ ഖത്തറില്‍ ഫിഫയുടെ ഫുട്‌ബാളുത്സവം ലോകം കൊണ്ടാടും. അതില്‍ കുറേ താരോദയങ്ങളെ പ്രതീക്ഷിക്കാം. ക്ലബ്ബ് ഫുട്‌ബാളിലെ ജനുവരി ട്രാന്‍സ്ഫര്‍ ജാലകം തുറക്കുമ്പോള്‍ ഈ താരങ്ങളും അവര്‍ കളിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബുകളുമായിരിക്കും കൊയ്ത്ത് നടത്തുക!
എന്നാല്‍, ലോകകപ്പിന് മുമ്പെ തന്നെ ചില കളിക്കാര്‍ യൂറോപ്യന്‍ ക്ലബ്ബുകളുടെ റഡാറിലുണ്ട്. ഖത്തറിലെ സൂപ്പര്‍താരോദയം എന്ന ലേബല്‍ ഇപ്പോഴെ പതിഞ്ഞുകിട്ടിയ ഒരു താരത്തെ പരിചയപ്പെടാം. ബ്രസീലിന്റെ ആന്റണി. ഡച്ച് ക്ലബ്ബ് അയാക്‌സിന്റെ വിങ്ങര്‍. ഇരുപത്തിരണ്ട് വയസുള്ള ആന്റണി കഴിഞ്ഞ സീസണില്‍ അയാക്‌സിന്റെ സ്റ്റാര്‍ പെര്‍ഫോമറായിരുന്നു. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 33 മത്സരങ്ങള്‍ അയാക്‌സിനായി കളിച്ച ആന്റണി പന്ത്രണ്ട് ഗോളുകള്‍ നേടുകയും പത്ത് അസിസ്റ്റുകള്‍ നടത്തുകയും ചെയ്തു.
ആന്റണി ക്ലബ്ബ് ട്രാന്‍സ്ഫറില്‍ ചര്‍ച്ചയാകുന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ കോച്ചും അയാക്‌സിന്റെ മുന്‍ കോച്ചുമായ ചഎറിക് ടെന്‍ ഹാഗ് വഴിയാണ്. മാഞ്ചസ്റ്റര്‍ നിരയെ ശക്തമാക്കാന്‍ എറിക് തയാറാക്കുന്ന പദ്ധതിയില്‍ ബ്രസീലിന്റെ യുവവിങ്ങറുണ്ട്. 45 ദശലക്ഷം യൂറോയുടെ ഓഫറാണ് എറികിന്റെ നിര്‍ദേശപ്രകാരം ഓള്‍ഡ്ട്രഫോര്‍ഡ് ക്ലബ്ബ് മാനേജ്‌മെന്റ് അയാക്‌സിന് മുന്നില്‍ ആന്റണിക്കായി വെച്ചിരിക്കുന്നത്. അയാക്‌സാകട്ടെ ഈ ഓഫറിനോട് പ്രതികരിച്ചിട്ടില്ല. ലോകകപ്പ് ഫേവറിറ്റുകളായ ബ്രസീല്‍ നിരയില്‍ ആന്റണി തിളങ്ങിയാല്‍ കച്ചവടം ഒന്നുകൂടി ഉഷാറാകും എന്ന കണക്ക്കൂട്ടലിലാകും അയാക്‌സ്.
അര്‍ജന്റൈന്‍ വിങ്ങർ ഏഞ്ചല്‍ ഡി മരിയയുമായി ഏറെ സാമ്യതകള്‍ ഉള്ള താരമാണ് ആന്റണി. വിങ്ങുകളിലൂടെയുള്ള തുളച്ച് കയറലും അവസരോചിതമായ ഫിനിഷിങ്ങും ആന്റണിയില്‍ കാണാന്‍ സാധിക്കും. ചെല്‍സിക്ക് മാസന്‍ മൗണ്ടും ബയേണിന് ലെറോയ് സാനെയും മാഞ്ചസ്റ്റര്‍ സിറ്റിക്ക് റിയാദ് മഹ്‌റെസും പോലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഒരു സൂപ്പര്‍ വിങ്ങറെ വേണം. അത് ആന്റണി തന്നെയാകും എന്നാണ് സൂചന.