അഞ്ചു വർഷം കാത്തിരിപ്പ്; കൊറിയൻ വലയിൽ അഞ്ചടിച്ച് ബ്രസീൽ ഗോൾ മേള; റോഡ്രിഗോക്കും ഇസ്റ്റിവോക്കും ഇരട്ട ഗോൾ
text_fieldsബ്രസീൽ താരങ്ങളുടെ ഗോൾ ആഘോഷം
സിയോൾ: ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾ അവസാനിപ്പിച്ചതിനു പിന്നാലെ ആദ്യ സൗഹൃദ മത്സരത്തിനിറങ്ങിയ ബ്രസീലിന് ത്രസിപ്പിക്കുന്ന ജയം.
ഏഷ്യൻ പര്യടനത്തിനെത്തിയ കാനറിപ്പട ദക്ഷിണ കൊറിയൻ വലയിൽ മറുപടിയില്ലാത്ത അഞ്ച് ഗോളുകളുമായി സൗഹൃദ പര്യടനത്തിന് ഗോളുത്സവത്തോടെ തുടക്കം കുറിച്ചു. കളിയുടെ ഇരു പകുതികളിലുമായി റോഡ്രിഗോയും, ചെൽസി താരം ഇസ്റ്റിവോയും ഇരട്ട ഗോൾ നേടിയപ്പോൾ, വിനീഷ്യസ് ജൂനിയർ അവസാന ഗോളുമായി പട്ടിക പൂർത്തിയാക്കി.
കൃത്യം അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാനറിപ്പടക്ക് 5-0 എന്ന സ്കോറിന്റെ വിജയമെത്തുന്നത്. 2020 ഒക്ടോബർ ഒമ്പതിന് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയെ 5-0ത്തിന് തോൽപിച്ച ശേഷം, ഈ സ്കോറിൽ ആദ്യ ജയമായി കൊറിയക്കെതിരെ നേടിയത്.
കൊറിയൻ തലസ്ഥാനമായ സിയോളിൽ നടന്ന മത്സരത്തിൽ ഒന്നാം പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് നേടിയ ശേഷമായിരുന്നു ബ്രസീൽ വീണ്ടും മൂന്ന് ഗോളുകൾ സ്വന്തമാക്കിയത്. കളിയുടെ 13ാം മിനിറ്റിൽ ബ്രൂണോ ഗ്വിമാറസ് നൽകിയ ക്രോസിനെ മനോഹരമായ ഗോളാക്കിമാറ്റികൊണ്ടാണ് ഇസ്റ്റിവോ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു.
41ാം മിനിറ്റിൽ കൊറിയൻ ഗോൾ പോസ്റ്റിനുള്ളിൽ നിന്നും ലഭിച്ച അവസരത്തെ റോഡ്രിഗോ വലയിലെത്തിച്ച് പട്ടിക തികച്ചു. രണ്ടാം പകുതിയിലെ 47ാം മിനിറ്റിൽ ഇസ്റ്റിവോയും, 49ാം മിനിറ്റിൽ വിനീഷ്യസിന്റെ ക്രോസിൽ നിന്നും റോഡ്രിഗോയും വീണ്ടും ഗോൾ നേട്ടം ആവർത്തിച്ചതോടെ കൊറിയക്കാർ സ്വന്തം ഗ്രൗണ്ടിൽ തകർന്നടിഞ്ഞു.
പ്രതിരോധ കോട്ടകൾ തകർത്തുകൊണ്ട് ബ്രസീൽ താരങ്ങൾ കടന്നു കയറിയപ്പോൾ, ഒരിക്കൽപോലും കാര്യമായ ഭീഷണി ഉയർത്താൻ എതിരാളികൾക്ക് കഴിഞ്ഞില്ല. 77ാം മിനിറ്റിൽ സ്വന്തം ബോക്സിനുള്ളിൽ നിന്നും കൗണ്ടർ അറ്റാക്കിലൂടെ ബ്രസീൽ ആരംഭിച്ച മുന്നേറ്റം വിനീഷ്യസിലൂടെ ഗോളായ കാഴ്ച തന്നെ കൊറിയൻ പ്രതിരോധത്തിലെ ദൗർബല്ല്യം തുറന്നു കാട്ടുന്നതായി. മുൻനിര താരം മാത്യൂസ് കുൻഹ നൽകിയ ക്രോസിൽ കൊറിയൻ പ്രതിരോധത്തെ കബളിപ്പിച്ചുകൊണ്ടായിരുന്നു വിനീഷ്യസ് അഞ്ചാം ഗോൾ കുറിച്ചത്.
ദക്ഷിണകൊറിയക്കെതിരായ ആധികാരിക വിജയത്തിനു പിന്നാലെ, ബ്രസീൽ 14ന് ജപ്പാനെ നേരിടും. അർജന്റീന ശനിയാഴ്ച പുലർച്ചെ 5.30ന് വെനിസ്വേലയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

