ലോകകപ്പിന് കാനറികളും! പരാഗ്വെയെ ഒരു ഗോളിന് വീഴ്ത്തി ബ്രസീലിന് യോഗ്യത, ആഞ്ചലോട്ടിക്ക് കീഴിൽ ആദ്യ ജയം
text_fieldsസാവോ പോളോ: 2026 ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ച് മുൻ ചാമ്പ്യന്മാരായ ബ്രസീൽ. ലാറ്റിനമേരിക്കൽ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ പരാഗ്വെയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് കാനറികൾ യോഗ്യത ഉറപ്പിച്ചത്.
44ാം മിനിറ്റിൽ വിങ്ങർ വിനീഷ്യസാണ് ടീമിന്‍റെ വിജയ ഗോൾ നേടിയത്. പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ബ്രസീലിന്‍റെ ആദ്യ ജയം. കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു. ലാറ്റിനമേരിക്കയിൽനിന്ന് ബ്രസീലിനെ കൂടാതെ, അർജന്‍റീനയും ഇക്വഡോറും ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. 16 മത്സരങ്ങളിൽനിന്ന് 25 പോയന്‍റുമായാണ് ബ്രസീലും ഇക്വഡോറും ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.
ഒന്നാം സ്ഥാനത്തുള്ള അർജന്‍റീനക്ക് 16 മത്സരങ്ങളിൽനിന്ന് 35 പോയന്‍റാണ്. അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന് കാനഡ, മെക്സിക്കോ, യു.എസ് എന്നീ രാജ്യങ്ങളാണ് സംയുക്ത വേദിയൊരുക്കുന്നത്. തെക്കൻ അമേരിക്കയിൽനിന്ന് ആറു രാജ്യങ്ങളാണ് നേരിട്ട് യോഗ്യത നേടുന്നത്. ഏഴാമതെത്തുന്ന ടീം ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫ് കളിക്കണം.
ഉറുഗ്വായിയോട് വെനിസ്വേല തോറ്റതോടെയാണ് റൗണ്ടിലെ ബാക്കി മത്സരങ്ങൾ ബാക്കി നിൽക്കെ, ജയത്തോടെ ബ്രസീലും ഇക്വഡോറും ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. സ്വന്തം ആരാധകർക്കു മുന്നിൽ അരങ്ങേറ്റ മത്സരം ജയത്തോടെ തുടങ്ങാനായതിന്‍റെ സന്തോഷത്തിലാണ് ആഞ്ചലോട്ടി, ടീമിന് വിജയ ഗോൾ സമ്മാനിച്ചത് പ്രിയ ശിഷ്യനും. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും കാനറികൾക്ക് തന്നെയായിരുന്നു മുൻതൂക്കം.
എതിരാളികൾക്കു മുന്നിൽ ആദ്യ മിനിറ്റുകളിൽനിന്ന് തന്നെ ബ്രസീൽ പ്രസ്സിങ് ഗെയിം പുറത്തെടുത്തു. എന്നാൽ, ലീഡിനായി 44 മിനിറ്റുവരെ ആതിഥേയർക്ക് കാത്തിരിക്കേണ്ടി വന്നു. വിനീഷ്യസിലൂടെ ബ്രസീൽ മുന്നിലെത്തി.
മാത്യൂസ് കുൻഹയാണ് ഗോളിന് വഴിയൊരുക്കിയത്. 78ാം മിനിറ്റിൽ വിനീഷ്യസ് പരിക്കേറ്റ് കളംവിട്ടു. താരത്തിന്‍റെ പരിക്ക് ഗുരുതരമാണോ എന്നതിൽ വ്യക്തതയില്ല. ഫിഫ ക്ലബ് ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് താരത്തിന് പരിക്കേറ്റത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.